ന്യൂഡല്‍ഹി: മണിപ്പുര്‍കലാപം ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കമുയര്ത്തുമ്പോള് മുഖംരക്ഷിക്കാന്‍ പാടുപെട്ട് ബി.ജെ.പി. കലാപം നേരിടുന്നതിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനുമുന്നില്‍ ബി.ജെ.പി.ക്ക് യുക്തമായ മറുപടിയില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നതെന്ന ആരോപണം പകരമുയര്ത്തിയാണ് പാര്‍ട്ടി പ്രതിരോധകവചം തീര്‍ക്കുന്നത്. അതേസമയം, ക്രമസമാധാനപാലനത്തില്‍ ഗുരുതരവീഴ്ചവരുത്തിയ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായി.
വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി.ക്ക് കടുത്ത തലവേദനയാവുകയാണ്. കലാപത്തിനിടയില്‍ ഒരു വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ മറുവിഭാഗം ബലാത്സംഗംചെയ്തശേഷം നഗ്നരാക്കി തെരുവില്‍ നടത്തിയതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധത്തില്‍ വീണു. സംഭവത്തെ അപലപിച്ച് ബി.ജെ.പി.യിലെ വനിതാ നേതാക്കള്‍തന്നെ രംഗത്തുവന്നിട്ടുണ്ട്.
മണിപ്പുർസംഭവം ഭീകരമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചനടക്കണം. ഇത് ഒരു സ്ത്രീക്കുനേരെയും ആവര്‍ത്തിക്കപ്പെട്ടു കൂടായെന്ന് ബി.ജെ.പി.യുടെ ലോക്സഭാംഗം ഹേമമാലിനി പറഞ്ഞു. സ്ത്രീകളെ ആള്‍ക്കൂട്ടത്തിന് എറിഞ്ഞുകൊടുത്തത് മണിപ്പുര്‍ പോലീസാണെന്ന ആരോപണം പ്രതിപക്ഷവും വനിതാസംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ക്രമസമാധാനപാലനത്തില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാലേ മണിപ്പുരിൽ പ്രശ്നം പരിഹരിക്കാന്‍ കഴിയൂവെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഭരണഘടനയുടെ 356-ാം അനുച്ഛേദം നടപ്പാക്കുകയും രാജ്യത്തെ സ്ത്രീകളോട് മുഴുവന്‍ സര്‍ക്കാര്‍ മാപ്പുപറയുകയും വേണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ബി.ജെ.പി.യുടെ അജൻഡയിലില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രിയെ നീക്കിയാല്‍ പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും മെയ്ത്തി വിഭാഗത്തില്‍ അത് അതൃപ്തിക്ക് കാരണമാകുമെന്നും മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍, ബിരേന്‍ സിങ്ങിനെ നീക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
രണ്ടുദിവസമായി പാര്‍ലമെന്റ് പ്രക്ഷുബ്ധമാണ്. സഭയ്ക്കുള്ളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം, വിഷയത്തില്‍ അടിയന്തര ചര്‍ച്ച എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹ്രസ്വചര്‍ച്ച എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. പാര്‍ലമെന്റ് തിങ്കളാഴ്ചയും ഭരണ-പ്രതിപക്ഷ തര്‍ക്കത്തില്‍ സ്തംഭിക്കും.