‘ഇരട്ട എഞ്ചിൻ ഓഫായിക്കിടക്കുന്നു’; കേന്ദ്രത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിഷപ്പ് പാംപ്ലാനി

കണ്ണൂർ: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പുരിലേത്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും പാംപ്ലാനി പറഞ്ഞു. മണിപ്പുർ വിഷയത്തിൽ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ചെമ്പേരിയിൽ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന്റെ തുടക്കത്തിൽ ​ഗോത്ര കലാപമാണെന്നായിരുന്നു മണിപ്പുരിൽ നിന്ന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ആദ്യനാളുകളിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനികൾ ഇടപെടാതിരുന്നത്. എന്നാൽ കലാപം വ‍ർ​ഗീയ വത്കരിക്കപ്പെട്ടു എന്ന് വ്യക്തമായപ്പോൾ കേരളത്തിലെ സഭ വിഷയത്തിൽ ശബ്ദമായി പ്രതികരിക്കാനും ഇടപെടാനും ആരംഭിച്ചു – പാംപ്ലാനി പറഞ്ഞു.

മണിപ്പുർ വിഷയത്തിൽ പിന്തുണയുമായെത്തുന്ന രാഷ്ട്രീയ പാ‍ർട്ടികളേയും അദ്ദേഹം വിമ‍ർശിച്ചു. പല രാഷ്ട്രീയ പാ‍ർട്ടികളും വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും പ്രശ്നത്തിന്റെ യഥാ‍ർഥ പരിഹാരത്തിലേക്ക് നീങ്ങാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ രാഷ്ട്രീയ വത്കരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

മണിപ്പു‍‍ർ ഭരിക്കുന്ന കക്ഷിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയും ഒന്നായതുകൊണ്ട് പ്രതിസന്ധികൾ പരിഹരിക്കാൻ എളുപ്പമാണെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുന്ന സ‍ർക്കാർ എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?. ഇരട്ട എഞ്ചിൻ നൂറുദിവസമായി ഓഫ് ആയിക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാൻ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് അവകാശമുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാപകാരികൾ ഉപയോ​ഗിക്കുന്നത്, സൈന്യവും അ‍ർധസൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്ന അതേ ആയുധങ്ങളാണ്. ഈ ആയുധങ്ങൾ എങ്ങനെയാണ് കലാപകാരികളുടെ കൈയിലെത്തി?. ഭരണകൂടം കലാപകാരികൾക്ക് ഒത്താശ ചെയ്തു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു – പാംപ്ലാനി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News