NationalNews

മണിപ്പൂർ കൂട്ടബലാത്സംഗം; തെളിവുകളുടെ അഭാവത്തിനാലാണ് നടപടി വൈകിയതെന്ന് എസ്പി

ഇംഫാല്‍: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സം​ഗത്തിനരയാക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി ഹിരദാസ് ഉൾപ്പടെ നാലുപേർ ഇന്നലെ പിടിയിലായിരുന്നു.

എന്നാൽ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മണിപ്പൂർ പൊലീസ് നടപടിയെടുത്തത് എന്ന വിമർശനവും ഉയരുകയാണ്. എന്നാൽ തെളിവുകളുടെ അഭാവത്തെ തുടർന്നാണ് നടപടിയെടുക്കാൻ വൈകിയത് എന്നാണ് തൗബൽ എസ്പി സച്ചിദാനന്ദ പറയുന്നത്.

സംഭവ സമയത്ത് ചില പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിൽ ഒരാൾ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ സമയം പൊലീസുകാർ ആരും അവിടെയുണ്ടായിരുന്നില്ല എന്നുമാണ് സച്ചിദാനന്ദ ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

‘അന്ന് ചിലർ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുകയും ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ കാവൽ നിൽക്കുന്ന തിരക്കിലായിരുന്നു എല്ലാ ഉദ്യോഗസ്ഥരും,’ എസ്പി പറഞ്ഞു.

മെയ് മാസം നാലാം തീയതിയാണ് സംഭവം അരങ്ങേറിയത്. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇരകളായ സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്ന് ദേശീയ വനിതാ കമ്മീഷൻ അം​ഗവും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞു. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker