ഇംഫാൽ: മണിപ്പൂരിൽ കുക്കി മെയ്തെ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബി.ജെ.പി സഖ്യകക്ഷി. കുക്കി അനുകൂല കക്ഷിയായ കുക്കി പീപ്പിൾസ് അലെയ്ൻസ് ആണ് (കെ.പി.എ) ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ഗവർണർ അനുസൂയ യുയ്കെയ്ക്ക് കത്ത് നൽകിയത് .
രണ്ട് എം.എൽ.എമാരാണ് കെ.പി.എയ്ക്ക് ഉള്ളത്. നിലവിലെ സംഘർഷത്തിന്റെ സാഹചര്യം സസൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ബിരേൻ സിംഗ് സർക്കാരിന് പിന്തുണ നൽകുന്നതിൽ ഫലമില്ല എന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിൽ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ഗവർണർക്ക് നൽകിയ കത്തിൽ പാർട്ടി അറിയിച്ചു.കെ.പി.എയുടെ നീക്കം പക്ഷേ സർക്കാരിന് ഭീഷണിയാകില്ല.
സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ നിയോഗിച്ചു. അർദ്ധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിലെ പത്ത് കമ്പനികളെ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.
പത്ത് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാത്രിയോടെ ഇംഫാലില്‍ എത്തിച്ചേര്‍ന്നു. വിവിധ ജില്ലകളിലായി അംഗങ്ങളെ സേന വിന്യസിക്കും. മണിപ്പുരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
മേയ് മൂന്നിന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം നാല്‍പ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും മണിപ്പുരില്‍ വിന്യസിച്ചത്. പട്ടാളം, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്കാണ് ജീവന് നഷ്ടമായത്. കുകികളും കേന്ദ്ര സേനയുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. പോലീസും കേന്ദ്ര സേനയുടെ ഒരു വിഭാഗവും പക്ഷാപാതപരമായാണ് നീങ്ങുന്നതെന്നാണ് ഇരുഗോത്രവിഭാഗങ്ങളുടേയും വാദം. കാങ്വായിലും ഫൗഗാക്ചോയിലും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 25-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടു സ്ത്രീകളെ നഗ്നരായി നടത്തിച്ച വിഷയത്തില്‍ അഞ്ച് പോലീസുദ്യോസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് പോലീസ് പറയുന്നത്.