തിരുവനനന്തപുരം: മന്ത്രി എം.എം. മണിയുടെ അറക്കും മുമ്പ് പിടക്കരുതെന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി മാണി സി കാപ്പന്‍. എം.എം. മണിക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്, മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ശരത് പവാറിനെകണ്ട് ശേഷം തീരുമാനം എടുക്കുമെന്നും മാണി സി. കാപ്പന്‍. ജോസ് കെ. മാണിയെ സി.പി.എം. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെയെന്നും കാപ്പന്‍ പറയുന്നു.
പാലാ സീറ്റിനായി മുന്നണിയില്‍ പിടിവാശി തുടരുന്ന മാണി സി. കാപ്പന് താക്കീതുമായി സി.പി.എം. നേതൃത്വവും രംഗത്തുവന്നു. സീറ്റു ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുന്‍പ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് എം.എം. മണി പാലായില്‍ നടന്ന പരിപാടിക്കിടെ പ്രതികരിച്ചിരുന്നു. മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം ഇടതു മുന്നണിക്കുണ്ടെന്നും മണി ഓര്‍മ്മിപ്പിച്ചു. ജോസ് കെ. മാണിയെ അനുകൂലിച്ചും മാണി സി. കാപ്പനെ പ്രതികൂലിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാലായില്‍ ഇടതു മിന്നണി ജോസ് കെ. മാണിക്കൊപ്പമാണെന്ന സൂചന നല്‍കുന്ന പ്രതികരണമായിരുന്നു മന്ത്രിയുടേത്. ഇന്നലെ നടന്ന യോഗത്തില്‍ മാണി സി. കാപ്പനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കെ. എം. മാണി സ്മൃതി സംഗമത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.