മംഗളൂരുവിലെ സ്‌ഫോടനം: തീവ്രവാദബന്ധം സ്ഥിരീകരിച്ച് പോലീസ്

മംഗളൂരു/ന്യൂഡല്‍ഹി: മംഗളൂരുവിലെ സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദപ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി.ജി.പി. പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയും പറഞ്ഞു. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സ്‌ഫോടനം നടന്ന ഓട്ടോറിക്ഷയില്‍നിന്ന് കത്തിക്കരിഞ്ഞനിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇരുവരെയും പിന്നീട് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News