ഷിരൂർ: ഗംഗാവാലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന്റെ മൃതദേഹവും ട്രക്കും കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് നിർണ്ണായക കണ്ടെത്തല്‍ നടത്താന്‍ സാധിച്ചത്. ലോറിയില്‍ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയാണെന്ന് ലോറി ഉടമ മനാഫും അർജുന്റെ ഭാര്യ സഹോദരന്‍ ജിതിനും സ്ഥിരീകരിച്ചു.
അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്നാണ് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ജിതിന്‍ പ്രതികരിച്ചത്. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹം. വീട്ടില്‍ വിളിച്ചിട്ട് കിട്ടില്ല. അഞ്ചു അടക്കം എല്ലാവരും ഓഫീസില്‍ ആയിരിക്കും. അവര്‍ അറിഞ്ഞുകാണണം. ടി വി കാണുന്നുണ്ടാവുമെന്നും ജിതിന്‍ കണ്ണീരോടെ പറഞ്ഞു.
അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പാലിച്ചുവെന്നായിയിരുന്നു ലോറി ഉടമ മനാഫിന്റെ പ്രതികരണം. 'ഞാൻ അപ്പോഴേ പറഞ്ഞതാണ്. ലോറിക്ക് അധികം പരിക്കുണ്ടാകില്ല, ക്യാബിന് അധികം പരിക്കുണ്ടാകില്ല എന്ന്. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ. ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് ഞാൻ കൊടുത്തതാണ്. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്റെ പരമാവധി ചെയ്തു. പല പ്രതിസന്ധികൾ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്. തോൽക്കാൻ എന്തായാലും മനസ്സുണ്ടായിരുന്നില്ല' മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
ലോറി എനിക്ക് വേണ്ട പകരം അർജുന്റെ മൃതദേഹം പുറത്തെടുത്താല്‍ മതി എന്നായിരുന്നു ലോറി കണ്ടെത്തിയ ഉടനേയുള്ള മനാഫിന്റെ പ്രതികരണം. ലോറിയുടെ കാബിനുള്ളില്‍ അർജുന്‍ ഉണ്ടോയെന്ന പരിശോധിച്ചതിന് ശേഷം ലോറി പുഴയില്‍ തന്നെ ഉപേക്ഷിച്ചേക്കെന്നും മനാഫ് വ്യക്തമാക്കി.
മൃതദേഹ ഭാഗങ്ങള്‍ ബോട്ടില്‍ കരയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റുന്ന മൃതദേഹ ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും കുടുംബത്തിന് വിട്ടുനല്‍കുക. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍. ജുലൈ 16 ന് നടന്ന മണ്ണിടിച്ചിലിലാണ് അർജുനേയും ലോറിയേയും കാണാതായത്.
അർജുനെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ പരിശോധന കാര്യക്ഷമമായിരുന്നയില്ല. സംഭവം വലിയ ചർച്ചാ വിഷയമാവുകയും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് പരിശോധനകള്‍ ശക്തമായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതേ തുടർന്ന് തുടക്കത്തില്‍ കരഭാഗത്തായിരുന്നു പരിശോധന. തുടർന്നാണ് പുഴ കേന്ദ്രീകരിച്ചുള്ള പരിശോധന നടക്കുന്നത്.