KeralaNews

‘ലവ് @ 777’ ബ്രേക്ക് അപ്പ് ആയിട്ട് 777 ദിവസം; 777 കിലോമീറ്റര്‍ കാക്കനാട് മുതല്‍ കാസര്‍കോട് വരെ നടന്ന് യുവാവ്, വൈറലായി കുറിപ്പ്

കൊച്ചി: പ്രണയഭംഗം സംഭവിച്ചാല്‍ ഒരു മനുഷ്യന്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഈ യുവാവിന് ഒറ്റ ഉത്തരമേയുള്ളൂ പ്രണയിനിയെ മറക്കും വരെ നടക്കുക! ബ്രേക്ക് അപ്പ് ആയി 777 ദിവസം പിന്നിട്ടിട്ടും അവളെ മറക്കാനാകാതെ വന്നതോടെയാണ് കാക്കനാട് മുതല്‍ കാസര്‍കോട് വരെ 777 കിലോമീറ്റര്‍ ദൂരം നടക്കാന്‍ ഈ കാമുകന്‍ തീരുമാനിച്ചത്. തേപ്പ്കഥ, ലവ് അറ്റ് 777 കിലോമീറ്റര്‍, ജോക്കര്‍ സേയ്സ് സ്മൈല്‍ തുടങ്ങിയവ ഒക്കെ കുറിച്ച ഒരു ബോര്‍ഡും തൂക്കിയാണ് കക്ഷിയുടെ നടപ്പ്. ജിഎന്‍പിസി ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിലാണ് വിചിത്രമായി പ്രവര്‍ത്തിക്കുന്ന ഈ യുവാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഈ വ്യക്തി തന്നെയാണ് മുമ്പ് വാലന്റൈന്‍സ് ഡേയില്‍ പ്രണയം ആരംഭിച്ച ദിവസങ്ങള്‍ എണ്ണി പുഴയോരത്ത് അത്രയും ബലൂണുകള്‍ കെട്ടിത്തൂക്കിയ വൈറലായതെന്നും ചില കമന്റുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, യുവാവിന്റെ പ്രവര്‍ത്തിക്ക് നേരെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. പ്രണയഭംഗത്തെ തേപ്പ് എന്ന് വിളിക്കുന്നതിനെ വിമര്‍ശിക്കുന്നതിനൊപ്പം പലരും യുവാവിന്റേത് ‘ഷോ ഓഫ്’ മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു. യുവാവിന്റെ പ്രണയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ യാത്രയെന്നാണ് ചിലരുടെ പ്രതികരണം.

രാഹുല്‍ സച്ചൂസ് പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.

ഒരു തേപ്പ് കഥ…
യാത്രിചികം ആയാണ് ഇന്ന് തൃശൂര്‍ നിന്ന് വരുന്ന വഴിക്ക് അമല ഹോസ്പ്പിറ്റല്‍ പരിസരത്തു നിന്ന് ഒരാള്‍ എന്തോ ബോര്‍ഡ് വെച്ച് നടന്ന് പോകുന്നത് കണ്ടത്.. ആദ്യം അത് കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോയി ഞാന്‍… ഏതാണ്ട് ഒരു 100 മീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ ഒരവശ്യത്തിന് വേണ്ടി കുറച്ചു നേരം വണ്ടി എനിക്ക് നിര്‍ത്തി ഇടേണ്ടി വന്നു… ആ സമയത്ത് ആ മനുഷ്യന്‍ എന്നെ കവര്‍ ചെയ്തു മുന്നോട്ട് പോയി… തിരിച്ചു വണ്ടി എടുത്ത് വരും നേരം വീണ്ടും അദ്ദേഹത്തെ കാണാന്‍ ഇടയായി.. വണ്ടി നിര്‍ത്തി ഞാന്‍ അയാളോട് സംസാരിച്ചു എന്തിനാണ് നിങ്ങള്‍ നടന്ന് പോകുന്നത് എന്ന്… അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി പോയി…

അയാള്‍ ഒരു പെണ്‍കുട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു എന്നും, ഇപ്പൊ അവള്‍ അയാളുടെ കൂടെ ഇല്ല ബ്രേക്ക് അപ്പ് ആയി എന്നും.. അതില്‍ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു, ശരിക്കും അവള്‍ എന്നെ തേച്ചു പോയിട്ട് 777 ദിവസം ആയി എന്ന് അത് എനിക്ക് വല്ലാത്ത ഒരു വിഷമം മനസിന് ഉണ്ടാക്കി എന്നും, അതിന്റെ പ്രതീകം ആയാണ് ഞാന്‍ ഈ ബോര്‍ഡും വെച്ച് നടക്കുന്നത് എന്ന്… അവള്‍ തേച്ചിട്ട് 777 ദിവസം ആയത് കൊണ്ട് അത്രയും കിലോമീറ്റര്‍ ഞാന്‍ കേരളത്തില്‍ നടക്കുക ആണെന്ന് .. കാക്കനാട് മുതല്‍ കാസര്‍ഗോഡ് വരെ അങ്ങോട്ടും അതെ കിലോമീറ്റര്‍ ഇങ്ങോട്ടും നടക്കുന്നു എന്ന്…
സത്യത്തില്‍ ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ അടക്കം ഉള്ളവര്‍ക്ക് ചിരി വരും.. ഇവന് പ്രാന്ത് ആണെന്ന് കരുതും.. ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയാല്‍ അവന്‍ ആ കുട്ടിയെ എത്രത്തോളം സ്‌നേഹിച്ചിരിക്കാം… ഒരു പ്രദര്‍ശനത്തിനു ആയല്ല അവന്‍ നടക്കുന്നത് .. അയാള്‍ക്ക് അവളോടുള്ള സ്‌നേഹത്തിന്റെ ആഴം ആയിരിക്കും അത്.. നിങ്ങള്‍ക്ക് ആ മനുഷ്യനെ വഴിയില്‍ കാണാന്‍ സാധിക്കും… കണ്ടാല്‍ അയാളുടെ മുഖത്തു നോക്കി ഒരിക്കലും ചിരിക്കരുത്..
കണ്ടപ്പോള്‍ ഒരു ഇഷ്ടം തോന്നി അതുകൊണ്ട് ഒരു സെല്‍ഫി എടുത്ത് പോസ്റ്റ് ഇട്ടു ??

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button