ഭോപ്പാല്‍: യുവാവിനെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. വിവാഹം ഉറപ്പിച്ചിട്ടും ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രാമകൃഷ്ണ സിംഗ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.
കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ സമീപത്തെ പുഴയില്‍ നിന്ന് രാമകൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ജനുവരി അഞ്ചിനാണ് മൃതദേഹം കിട്ടിയത്. മൂന്ന് ദിവസം മുമ്പ് മുതല്‍ ഇയാളെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൊലപാതകത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. പിതാവ് ഭീമന്‍ സിംഗ് അമ്മ ജമുനാ ഭായ് സഹോദരി കൃഷ്ണാ ഭായ് എന്നിവര്‍ കുറ്റം സമ്മതിച്ചു. വിവാഹം നിശ്ചയിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ഇയാള്‍ മൊബൈലില്‍ നിരന്തരം ചാറ്റ് ചെയ്യുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് ഇവര്‍ മൊഴി നല്‍കി.
തൊഴില്‍രഹിതനായ മകന്‍ മുഴുവന്‍ സമയവും മൊബൈലില്‍ നോക്കിയിരിക്കുന്നതിലുള്ള ദേഷ്യവും കൊലപാതകത്തിലെത്തിച്ചു. ജനുവരി രണ്ടിന് മകനുമായി പിതാവ് ഭീമന്‍ സിംഗ് വഴക്കുണ്ടാക്കി. ആ പ്രകോപനത്തില്‍ മകനെ അടിക്കുകയും തല ചുമരില്‍ ഇടിച്ച് തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. മകന്‍ മരിച്ചുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യയുടെയും മകളുടെയും സഹായത്തോടെ കൈ കാലുകള്‍ കെട്ടി മൃതദേഹം ഭീമന്‍ സിംഗ് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.