ആശാവര്‍ക്കറുടെ പരാതിയില്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയാള്‍ മരിച്ച നിലയില്‍

പെരുമ്പാവൂര്‍: പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശ്(40)നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെങ്ങോല തേക്കേമലയില്‍ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശാവര്‍ക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയിലാണ് രമേശിനെ പോലീസ് താക്കീത് ചെയ്തത്. രമേശിന്റെ കുടുംബാഗങ്ങള്‍ക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. അതിനെ തുടര്‍ന്ന് രമേശ് ക്വാറന്റൈനിലായിരുന്നു. അതിനിടയില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കം ഉണ്ടായി.

ഇതേ തുടര്‍ന്ന് ആശാവര്‍ക്കര്‍ നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News