KeralaNews

റെയിൽവേ സ്റ്റേഷനിൽ അക്രമം നടത്തിയ യുവാവിനെയും കടത്തിക്കൊണ്ടുപോയ 16-കാരിയെയും കണ്ടെത്തി

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച യുവാവിനെയും ഇയാള്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16-കാരിയെയും പോലീസ് കണ്ടെത്തിയത്. ഇരുവരും നിലവില്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലാണുള്ളത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച് കൂടെവന്ന പെണ്‍കുട്ടിയുമായി ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് കുമാര്‍ കടന്നുകളഞ്ഞത്. ദുരൂഹസാഹചര്യത്തില്‍ സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്. പിടിവലിക്കിടെ സിനിയുടെ വിരലുകള്‍ക്ക് പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി-കേരള എക്സ്പ്രസിലാണ് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവും പെണ്‍കുട്ടിയും സ്റ്റേഷനിലിറങ്ങിയത്. ഇവര്‍ പുലര്‍ച്ചെ വരുന്ന ധന്‍ബാദ് ട്രെയിനില്‍ പോകാനുള്ളവരാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെ ജീവനക്കാരന്‍ ഇവരുടെ കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. യുവാവ് തന്റെ ആധാര്‍ കാര്‍ഡ് കാണിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍രേഖകളൊന്നും ഉണ്ടായിരുന്നില്ല.

തൃശ്ശൂരിലെ നന്തിക്കരയിലുള്ള സുഹൃത്തിനെ കാണാനാണ് എത്തിയതെന്നാണ് യുവാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയുമായി അഞ്ചുദിവസംമുന്‍പ് യുവാവ് നാടുവിട്ടതാണെന്ന് അറിഞ്ഞു. ഏഴുമാസംമുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ യുവാവ് കുട്ടിയുമായി ബന്ധപ്പെടുന്നതില്‍നിന്ന് വിലക്കിയിരുന്നു. കുട്ടിയെ തങ്ങളെത്തുംവരെ സൂക്ഷിക്കണമെന്ന് വീട്ടുകാര്‍ നിര്‍ദേശിച്ചു. രാവിലെ പത്തിന് ശിശുക്ഷേമസമിതിക്കു മുന്നില്‍ ഹാജരാക്കാനും തീരുമാനമായി.

യുവാവിനെ ഓഫീസിനു പുറത്തും പെണ്‍കുട്ടിയെ അകത്തുമാണ് നിര്‍ത്തിയിരുന്നത്. ഇതിനിടെ കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി വന്ന സമയത്ത് രണ്ട് ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് യുവാവ് പൊട്ടിച്ച കുപ്പിയുമായി അകത്തുകടന്ന് ആക്രമിച്ചത്. സിനിയെ കൂടാതെ കൗണ്‍സലറായ യുവതിയാണ് ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ഉണ്ടായിരുന്നത്.

സിനിയെ കുനിച്ചുനിര്‍ത്തി കുപ്പിവെച്ച് കുട്ടിയുമായി ഇയാള്‍ ഓടി ട്രെയിനില്‍ കയറി. ബഹളം കേട്ട് മാല പൊട്ടിച്ചോടിയതാണെന്ന് കരുതി ട്രെയിനിലെ യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. ഇതോെട യുവാവ് കുട്ടിയുമായി രണ്ടാം പ്ലാറ്റ്ഫോമില്‍ ചാടിയിറങ്ങിയോടി. ഇതിനിടെ ഇവരെ തടഞ്ഞുനിര്‍ത്താന്‍ ഒരു പോര്‍ട്ടര്‍ ശ്രമിച്ചു. ഉടനെ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ത്തന്നെ കുപ്പിവെച്ച് ഭീഷണിപ്പെടുത്തി ഓടിരക്ഷപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button