രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്. ഹാംപ്ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്.
പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്ഫോടകവസ്തു കിട്ടിയതിന്റെ ആഹ്ളാദത്തില്‍ മാര്‍ക്ക് അതി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വിപണിയായ ഇബെയില്‍ ബോംബിന്റെ പരസ്യം കണ്ട റാല്‍ഫ് ഷെര്‍വിന്‍ എന്ന സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് ആണ് പോലീസിനെ വിവരമറിയിച്ചത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇയാള്‍ മാര്‍ക്കിനെ വിളിച്ച് ബോംബ് കയ്യില്‍ സൂക്ഷിക്കുന്നത് അപകടമാണെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം വകവെച്ചില്ല.
ബോംബ് നിര്‍വീര്യമാക്കിയതാണോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ബോംബ് ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്ന മാര്‍ക്കിന്റെ മറുപടി മുന്‍നിര്‍ത്തി റാല്‍ഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇബേയുമായി ബന്ധപ്പെട്ട് മാര്‍ക്കിന്റെ വിലാസം പൊലീസ് കണ്ടെത്തുകയും ബോംബ് കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിന് അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് ബോംബ് കണ്ടെടുക്കുകയുമായിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി.
സ്ഫോടക വസ്തു കൈവശം വെച്ചതിന് മാര്‍ക്കിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.ഇബേയില്‍ അപകടകരമായ വസ്തുക്കളോ ആയുധങ്ങളോ വില്‍ക്കുന്നത് അനുവദനീയമല്ലെന്ന് ഇബേ വക്താവ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനേ തന്നെ മാര്‍ക്കിന്റെ വിലാസം പൊലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.