വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങി യുവാവ്; ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി അയൽവാസി

വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങി യുവാവ്; ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി അയൽവാസി

ഗുവാങ്‌സി: മനസാന്നിധ്യത്തോടെ പെരുമാറിയാല്‍ ഏത് ആപത്തിനേയും മറികടക്കാം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതിനെ ശരിവെക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മഴ നാശംവിതച്ച തെക്കന്‍ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ ലിയുഷൗവില്‍ നിന്നാണ് ഈ നല്ലവാര്‍ത്ത വരുന്നത്. വെള്ളപ്പൊക്കത്തില്‍ വീടിനുമുകളില്‍ കുടുങ്ങിപ്പോയ അയല്‍വാസിയെ സുഹൃത്ത് ഡ്രോണ്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊടുങ്കാറ്റിലും പേമാരിയിലും യുനാന്‍, ഗുയിഷോ, ഗുവാങ്‌സി, ഹൈനാന്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന 13-ഓളം നദികളാണ് കരകവിഞ്ഞ് ഒഴുകിയത്. വെള്ളം പൊങ്ങിയതോടെ രക്ഷയ്ക്കായി തന്റെ ഇരുനിലവീടിന്റെ മേല്‍ക്കൂരയില്‍ കയറിയ യുവാവാണ് അവിടെ പെട്ടുപോയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോട്ടുമായി എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ യുവാവ് ശരിക്കും പെട്ടു.

എല്ലാവരും വിഷമഘട്ടത്തിലായതോടെ പ്രദേശവാസിയായ ലായ് തന്റെ ഡ്രോണ്‍ ഉപയോഗിച്ച് അയാളെ ‘പൊക്കിയാലോ’ എന്ന ആലോചന മുന്നോട്ടുവെച്ചു. കര്‍ഷകനായ ലായ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് അതുവരെയും തന്റെ ഡ്രോണ്‍ ഉപയോഗിച്ചിരുന്നത്. കൃഷിക്കായുള്ള ഉപകരണങ്ങള്‍ നീക്കുന്നതിനും, കീടനാശിനി തളിക്കുന്നതിനും, സിമന്റ് കട്ടകളും, വളച്ചാക്കുകളും ഒക്കെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും ഡ്രോണ്‍ ഉപയോഗിച്ചിരുന്നു.

100 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ ഉപയോഗിച്ച് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാനാവും എന്ന് ലായ് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. അങ്ങനെ, സാധനങ്ങള്‍ മാറ്റാനായി ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന വള്ളിയിലെ കൊളുത്തില്‍ ഒരാള്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ തൊട്ടില്‍പോലെ ഒരു ചാക്ക് ഘടിപ്പിച്ചു. ശേഷം ഡ്രോണ്‍ യുവാവ് കുടുങ്ങിക്കിടന്ന മേല്‍ക്കൂരയ്ക്കരികിലേക്ക് പറപ്പിച്ചു. അതില്‍ ഇരിക്കാനും സേഫ്റ്റി ബക്കിള്‍ ഉപയോഗിച്ച് ശരീരം ഡ്രോണിലെ കയറിനോട് ബന്ധിപ്പിക്കാനും ഫോണിലൂടെ നിര്‍ദേശം നല്‍കി.

പിന്നീടുള്ള നിമിഷങ്ങള്‍ ശ്വാസംഅടക്കിപ്പിടിച്ചാണ് എല്ലാവരും കണ്ടുനിന്നത്. കുത്തിയൊഴുകുന്ന വെള്ളത്തിനും മരങ്ങള്‍ക്കുമെല്ലാം മേലേക്കൂടി, 65 അടിഉയരത്തിലൂടെ ഒരു മനുഷ്യനെയും തൂക്കി ഡ്രോണ്‍ സുഗമമായി പറന്നു, സുരക്ഷാജീവനക്കാരുടെ അടുത്ത് റോഡിലായി അയാളെ സുരക്ഷിതമായി ഇറക്കി. എല്ലാവരും ആ കാഴ്ചകണ്ട് സ്തബ്ധരായി നിന്നു. മനുഷ്യരെ ഡ്രോണിലൂടെ ഇങ്ങനെ പറത്തുന്നത് നിയമവിരുദ്ധമാണ് എന്നെനിക്കറിയാം പക്ഷേ എങ്ങനെയും അയാളെ രക്ഷിക്കണമെന്നേ അപ്പോള്‍ തോന്നിയുള്ളൂ, അഭിനന്ദനങ്ങള്‍ക്കിടെ ലായ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News