ചെന്നൈ: ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. യുട്യൂബ് ചാനലിനുവേണ്ടി ജോലി ചെയ്യുന്ന രേണുക നാഗരാജന്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 9നായിരുന്നു രേണുക നാഗരാജനെതിരെ ലൈംഗികാതിക്രമം അരങ്ങേറിയത്. യുവതിയുടെ എതിര്‍വശം ഇരുന്ന യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുകയായിരുന്നു.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു ട്രെയിനില്‍ മടങ്ങുകയായിരുന്നു രേണുക. ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അവര്‍ ട്രെയിന്‍ കയറിയത്. ഒറ്റയ്ക്കായിരുന്നു യാത്ര. ഇടയ്ക്കപ്പോഴോ ഒരു പുരുഷന്‍ രേണുക യാത്ര ചെയ്യുന്ന കംപാര്‍ട്ട്മെന്റില്‍ എത്തി. പേടിയില്ലാതെ യുവതിയുടെ എതിര്‍വശത്ത് ഇരുന്നിട്ട് അയാള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. രേണുക ആദ്യം ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്നു ധൈര്യം വീണ്ടെടുത്ത് ക്യാമറ കയ്യിലെടുത്ത് സംഭവം ചിത്രീകരിക്കാന്‍ തുടങ്ങി. യുവാവിനെ അവര്‍ ചോദ്യം ചെയ്യാനും തുടങ്ങി. അതോടെ അയാള്‍ എഴുന്നേറ്റ് ട്രെയിന്‍ നില്‍ക്കുന്നതിനുമുമ്പ് തന്നെ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
പിറ്റേന്നു തന്നെ തനിക്കുണ്ടായ മോശം അനുഭവം രേണുക സമൂഹമാധ്യമത്തില്‍ വിഡിയോ സഹിതം പോസ്റ്റ് ചെയ്തു. അതോടെ സംഭവം വിവാദമാകുകയും സ്ത്രീസുരക്ഷ വീണ്ടും ചര്‍ച്ചയാകുകയും ചെയ്തു. ദൃശ്യങ്ങളുടെ സഹായത്തോടെ റെയില്‍വേ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ലക്ഷ്മണന്‍ എന്നാണു യുവാവിന്റെ പേര്. അയാള്‍ക്കെതിരെ പൊലീസ് കേസുമെടുത്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണു രേണുക പറയുന്നത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് രാത്രിയില്‍ ഇത്തരം പല മോശം അനുഭവങ്ങളും നേരിടാറുണ്ട്. ലേഡീസ് കംപാര്‍ട്മെന്റിലോ അതിനോടു ചേര്‍ന്നോ പൊലീസ് ഉദ്യാഗസ്ഥരുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കിലും അക്രമി ധൈര്യപ്പെടുകയില്ലായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകുന്നതിനു പകരം അയാള്‍ എന്നെ എന്തെങ്കിലും സാധനം കൊണ്ട് അടിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു- രേണുക ചോദിക്കുന്നു. തന്റെ പല സുഹൃത്തുക്കള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പലരും പേടി കൊണ്ടും നിസ്സഹായത കൊണ്ടും ഒന്നും പറയുന്നില്ല എന്നേയുള്ളൂ എന്നും അവര്‍ പറയുന്നു.