കണ്ണൂരില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: വള്ളിത്തോട് പെരിങ്കിരിയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം. യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശേരി ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിച്ചത്.

ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന നിരവധി വാഹനങ്ങളും നശിപ്പിച്ചു. ആക്രമണത്തില്‍ കാട്ടാനയുടെ കൊമ്പും ഒടിഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കി ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്ര കുമാറിന്റെ ഭാര്യ വിജിയാണ് മരിച്ചത്. 36 വയസായിരുന്നു. ഇരുവരും മധുരയിലുള്ള ബന്ധു വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ പുലര്‍ച്ച അഞ്ചരയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ ദമ്പതികള്‍ വഴിയിലുണ്ടായിരുന്ന ആനയുടെ മുന്നില്‍ പെടുകയായിരുന്നു. മഹേന്ദ്ര കുമാര്‍ ആനയെ കണ്ടയുടന്‍ ബൈക്ക് തിരിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജിയെ കാട്ടാന ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News