വഴക്കിനിടെ ഭാര്യയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്; കൊല്ലപ്പെട്ടത് ആറുമാസം ഗര്‍ഭിണിയായ യുവതി

ഫരീദാബാദ്: കുടുംബ വഴക്കിനിടെ ആറുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഹരിയാനയിലെ ഫരീദാബാദിലെ പഞ്ച്ശീല്‍ കോളനിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ആറുമാസം ഗര്‍ഭിണിയായിരുന്ന നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അമിത് ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെ നേഹയും അമിതും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ അമിത് നേഹയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അമിത് അമ്മാവനെ വിളിച്ചറിയിച്ചു. ഇയാളാണ് പൊലീസിനെ അറിയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും നേഹയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി നേഹയുടെയും അമിതിന്റെയും ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

ബിഹാറിലെ മുസാഫര്‍പുര്‍ സ്വദേശിയായ നേഹയും ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് സ്വദേശിയായ അമിതും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിവാഹിതരായത്. അടുത്തിടെ ഇവര്‍ പഞ്ച്ശീലിലേക്ക് താമസം മാറിയിരുന്നു. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അമിതിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News