മയ്യില്‍: കണ്ണൂരില്‍ യുവതിയായ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. കൂട്ടാവ് സ്വദേശി ജിജേഷാണ് (39) മരിച്ചത്. ഇയാള്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇയാള്‍ ആക്രമിച്ച യുവതി വ്യാഴാഴ്ച പുലര്‍ച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണയ്ക്കുനേരെയാണ് അക്രമം നടന്നത്. പ്രവീണയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരിക്കൂര്‍ കുട്ടാവിലാണ് ജിതേഷിന്റെ വീട്. കുറ്റിയാട്ടൂരിലെ പ്രവീണയുടെ വീട്ടിലെത്തിയാണ് ഇയാള്‍ തീകൊളുത്തിയത്. ഇരുവരും പരിചയക്കാരാണ്. യുവതിയും ജിജേഷും ഫോണ്‍വഴി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും തര്‍ക്കങ്ങളുമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്.
കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ മലമില്‍ റോഡിലെ 'ഗോവിന്ദം' വീടിന്റെ വര്‍ക്ക് ഏരിയയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞുണ്ടായ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. തീയും പുകയും കണ്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ മുന്നില്‍ക്കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒ.വി. സുശീലയുടെ മകന്‍ അജീഷിന്റെ ഭാര്യ പ്രവീണയും ജിജേഷും മാരകമായി പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്.
കൂട്ടനിലവിളി കേട്ട് ഓടിയെത്തിയവര്‍ മയ്യില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആംബുലന്‍സില്‍ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ പ്രവീണ മരണത്തിന് കീഴടങ്ങി.
പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണ്. അജീഷിന്റെ കുടുംബം നാലുമാസം മുന്‍പാണ് തൊട്ടടുത്ത പരേതനായ ടി.കെ. വാസുവിന്റെ വീടായ 'ഗോവിന്ദ'ത്തില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.
അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ബുധനാഴ്ചയെത്തിയ ജിജേഷ് വെള്ളം ചോദിച്ചാണ് അകത്ത് കയറിയത്. പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകമാണ് ജിജേഷ് പ്രവീണയുടെ മേലൊഴിച്ച് തീകൊളുത്തിയത്. പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. ജിജേഷിന്റെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്.


