ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം;ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ക്രൂരത ഒന്നരവയസുകാരന്റെ കൺമുന്നിൽ

മണ്ണാര്‍ക്കാട്: പല്ലുതേക്കാതെ അച്ഛന്‍ മകനെ ഉമ്മവെക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ യുവതി വെട്ടേറ്റുമരിച്ചു.സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ചരാവിലെ എട്ടുമണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിനി ദീപികയാണ് (28) കൊല്ലപ്പെട്ടത്. ബെംഗളൂരുവില്‍ വ്യോമസേനയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ കാരാകുറിശ്ശി കുണ്ടുകണ്ടം വീട്ടില്‍ക്കാട്ടില്‍വീട്ടില്‍ അവിനാഷാണ് (30) പിടിയിലായത്. പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യംചെയ്തതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

ദീപികയും അവിനാഷും മകന്‍ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകന്‍ ഐവിനെ ഉമ്മവെക്കാന്‍ ശ്രമിക്കയും ദീപിക തടയുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ ദേഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് കഴുത്തിലും കൈയിലും കാലിലും വെട്ടുകയായിരുന്നെന്നും പറയുന്നു. ദീപികയുടെ ശബ്ദംകേട്ട് പരിസരവാസികളും അടുത്തുതാമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് ദീപികയ്ക്ക് വെട്ടേറ്റ വിവരമറിയുന്നത്. മകന്‍ ഐവിന്‍ അമ്മയ്ക്കുസമീപം ഇരിക്കയായിരുന്നു. തുടര്‍ന്ന്, പോലീസില്‍ വിവരമറിയിക്കയും ദീപികയെ പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയില്‍ മരിച്ചു.

മൂന്നുവര്‍ഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവില്‍ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനാണെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതിന് കാരണമെന്നും പോലീസ് പറയുന്നു. ദീപികയുടെ ബന്ധുക്കള്‍ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ദീപികയുടെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News