ലഹരിപാര്‍ട്ടിക്കിടെ പോലീസെത്തി; തൃക്കാക്കരയില്‍ യുവാവ് എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടി

തൃക്കാക്കര: മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയത് ഭയന്ന് ഫ്ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്.

22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.ബാല്‍ക്കണിയില് നിന്ന് ചാടിയ അതുല്‍ ഫ്ലാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു.

യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്. ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.യുവതി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News