കൊല്‍ക്കത്ത: വോട്ടര്‍ ഐഡിയിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ പടം വെച്ച് വോട്ടര്‍ ഐഡി കാര്‍ഡ്. വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് ഈ ദുരവസ്ഥ.
മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ ആദ്യമുണ്ടായിരുന്ന ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചത്. ഇത് പ്രകാരം ബുധനാഴ്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നു സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ സുനില്‍കുമാര്‍ കണ്ടത് കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്നത് നായയുടെ പടമാണ്.
കാര്‍ഡ് തരുമ്പോള്‍ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഭിമാനം വെച്ചുള്ള കളിയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ പരാതി നല്‍കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം ഇപ്പോള്‍ നല്‍കിയത് അന്തിമവോട്ടര്‍ ഐഡി അല്ലെന്നാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പറയുന്നത്. സുനില്‍ കുമാറിന് പുതിയ കാര്‍ഡ് അനുവദിക്കും. കാര്‍ഡില്‍ നായയുടെ പടം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പ്രതികരിച്ചു.