ശാസ്താംകോട്ട: കാര്യസിദ്ധിക്കു വേണ്ടി ദുര്‍മന്ത്രവാദി അയല്‍പക്കത്തെ വീടിന്റെ പോര്‍ച്ചിലിരുന്ന ഇരുചക്രവാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ പോരുവഴി വടക്കേമുറി പുത്തലത്തില്‍ രാജേന്ദ്രന്‍ (46) ശൂരനാട് പോലീസിന്റെ പിടിയിലായി.
രാജേന്ദ്രന്‍ പ്രദേശത്തെ അറിയപ്പെടുന്ന മന്ത്രവാദിയാണ്. ഇയാളുടെ അയല്‍പക്കക്കാരനായ വടക്കേമുറി അനുജ ഭവനത്തില്‍ അനില്‍ കുമാറിന്റെ പോര്‍ച്ചിലിരുന്ന ബൈക്കും സ്‌കൂട്ടറുമാണ് കഴിഞ്ഞ ആറിന് പുലര്‍ച്ചെ മൂന്നരയോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രതിയെ കുറിച്ച് തുടക്കത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രാജേന്ദ്രന്‍ പിടിയിലായത്.
മന്ത്രവാദിയായ രാജേന്ദ്രന്‍ നാളുകളായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തമായി നടത്തിയ മന്ത്രവാദത്തില്‍ തന്റെ സാമ്പത്തികത്തകര്‍ച്ചയ്ക്ക് കാരണം അയല്‍വാസിയായ അനില്‍കുമാറിന്റെ സാന്നിധ്യമായിരുന്നത്രേ. തുടര്‍ന്ന് അനില്‍കുമാറിനെ വകവരുത്തുന്നതായി സങ്കല്‍പ്പിച്ച് ഇദ്ദേഹത്തിന്റെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കാന്‍ രാജേന്ദ്രന്‍ തീരുമാനിച്ചു. അതിനായി ഇയാള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങി പുലര്‍ച്ചെ മൂന്നരയോടെ പോര്‍ച്ചിലിരുന്ന വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
തുടക്കത്തില്‍ വീട്ടുകാര്‍ക്ക് ആരെയും സംശയമില്ലായിരുന്നു. തുടര്‍ന്ന് പോലീസ് അയല്‍വീടുകളിലെ സിസിടിവി ക്യാമറയും വിരലടയാളങ്ങളും പരിശോധിച്ചാണ് രാജേന്ദ്രനെ പിടികൂടിയത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശൂരനാട് സിഐ ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.