തിരുവനന്തപുരം: പോലീസിനെതിരെ പരാതിയുമായി കഴക്കൂട്ടം സ്വദേശിയായ യുവാവ്. വീടിനു സമീപം നിന്ന തന്നെ പോലീസ് അകാരണമായി അടിച്ചുവെന്ന് കാണിച്ച് കഴക്കൂട്ടം സ്വദേശിയായ ഷിബുകുമാര്‍ പരാതി നല്കി. ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പോലീസ് അടിച്ചതിന്റെ പാടുകളും ഇദ്ദേഹത്തിന്റെ ദേഹത്തുണ്ട്.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. സ്വകാര്യ വാഹനത്തില്‍ വന്ന യൂണിഫോം ധരിച്ച പോലീസുകാര്‍ വീടിനു സമീപം നിന്ന തന്നെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് ഷിബുകുമാര്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ആളുകളെ ഓടിച്ചുവിടുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു. പ്രദേശം സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമാണ്.
ഇക്കാര്യത്തില്‍ റസിഡന്റ് അസോസിയേഷന്റെ പരാതി വരുന്നുണ്ട്. അന്നേ ദിവസവും പരാതി വന്നു. പല തവണ പോലീസ് വാഹനത്തില്‍ വന്നപ്പോഴും സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സംഘം വീണ്ടും തമ്പടിച്ചിരിക്കുന്ന വിവരം അറിഞ്ഞ് സ്വകാര്യ വാഹനത്തില്‍ വന്ന് ഓടിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
എന്നാല്‍, താമസസ്ഥലത്തു നിന്നും അകലെയുള്ള സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ വന്ന പോലീസ് വീടിനു മുന്നില്‍ നിന്ന തന്നെയും അടിക്കുകയായിരുന്നുവെന്നാണ് ഷിബുകുമാറിന്റെ പരാതി. റസിഡന്റ് അസോസിയേഷനില്‍ അംഗമായ ഷിബുകുമാര്‍ കുടുംബസമേതം താമസിക്കുന്നയാളാണ്.
കൊവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്നതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തുന്നതില്‍ വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ഈ സംഭവം. ഞായറാഴ്ച ശ്രീകാര്യത്ത് ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയേയും മകനെയും തടഞ്ഞുനിര്‍ത്തി 2000 രൂപ പിഴ ചുമത്തുകയും 500 രൂപയ്ക്ക് മാത്രം രസീത് നല്‍കുകയും ചെയ്ത സംഭവവും വിവാദമായിരുന്നു. സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്പെന്റ് ചെയ്തിരുന്നു.