മുറിച്ചുകൊണ്ടിരുന്ന മരം നെടുകെ പിളർന്നു, മരവുമായി ശരീരത്തെ ബന്ധിച്ചിരുന്ന കയർമുറുകി തൊഴിലാളി മരിച്ചു

കലവൂർ: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരം രണ്ടായിപ്പിളർന്ന് തൊഴിലാളി മരിച്ചു. മരവും ശരീരവുമായി കൂട്ടിക്കെട്ടിയ വടം, മരം പിളർന്നപ്പോൾ മുറുകിയതാണു മരണകാരണം. കാട്ടൂർ പള്ളുരുത്തിയിൽ എബ്രഹാം (സോജൻ-46) ആണ് മരിച്ചത്.കാട്ടൂർ കണ്ടനാട് മാർഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പുമുറിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം.

കഴിഞ്ഞദിവസത്തെ കാറ്റിലാണ് കൊമ്പ് ഒടിഞ്ഞുതൂങ്ങിയത്. ഇത് വൈദ്യുതിക്കമ്പിയിൽ മുട്ടുന്ന നിലയിലായതിനാൽ, മുറിച്ചുമാറ്റാൻ കെഎസ്ഇബി അധികൃതർ പറഞ്ഞിരുന്നു.ഒടിഞ്ഞഭാഗത്തിന്റെ താഴെ മരത്തിൽ കമ്പുകെട്ടി അതിൽ ഇരുന്നാണ് ജോലി തുടങ്ങിയത്. സുരക്ഷയ്ക്കായി ശരീരവും മരവുമായി വടമുപയോഗിച്ച് കൂട്ടിക്കെട്ടി. കട്ടർ ഉപയോഗിച്ച് മുറിച്ചുകൊണ്ടിരിക്കേ, ഒടിഞ്ഞുതൂങ്ങിയ കൊമ്പിന്റെ ഭാരത്താൽ തായ്ത്തടി പിളരുകയായിരുന്നു. പിളർന്നകന്ന് മറുവശത്തേക്ക് ഭാരം കൂടിയപ്പോൾ സോജൻ മരത്തിൽ അമർന്ന് തത്ക്ഷണം മരിച്ചു.

സഹായി ഉടൻതന്നെ മുകളിൽക്കയറി വടം മുറിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വലകെട്ടിയാണ് താഴെയിറക്കിയത്. ഒരുമണിക്കൂറോളം മുകളിൽ കുടുങ്ങി.

ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.ഭാര്യ: റോണിയ. അച്ഛൻ: പരേതനായ ഭസ്സൾ. അമ്മ: ജോണമ്മ. സംസ്കാരം തിങ്ക ളാഴ്ച 10-ന് കാട്ടൂർ സെയ്ൻ്റ് മൈക്കിൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News