തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്റെ മരണത്തില്‍ ദൂരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ മരിച്ചത് ആക്രിക്കാരന്റെ ചവിട്ടേറ്റതിനെ തുടര്‍ന്നാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പോലീസ് അറിയിക്കുന്നത്.
രാവിലെ 10.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്പനക്കാരനുമായി ഭുവനചന്ദ്രന് സംസാരിക്കുന്നതിനിടെ അതുവഴി വന്ന ആക്രി പെറുക്കാന്‍ വന്നയാള്‍ തുപ്പി. തൊട്ടടുത്ത് കാര്‍ക്കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രന് ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടെ ഭൂവനചന്ദ്രനെ ആക്രിക്കാരന് ചവിട്ടി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം.
കരൾ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.