KeralaNews

ഏറ്റുമാനൂരില്‍ അപകടത്തില്‍പെട്ടയാളെ ഫുട്പാത്തില്‍ ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു; ചികിത്സകിട്ടാതെ യാത്രക്കാരന്‍ മരിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ഫുട്പാത്തില്‍ ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ കടന്നു കളഞ്ഞു. പരിക്കേറ്റയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12 മണിക്കു ശേഷമാണ് ഓട്ടോ റിക്ഷ അപകടത്തില്‍പെട്ടത്. ഓട്ടോയില്‍ യാത്രക്കാരനെ കൂടാതെ ഡ്രൈവര്‍ മാത്രമാണുണ്ടായത്.

അപകടം സംഭവിച്ചയുടന്‍ റോഡിലുണ്ടായിരുന്നവര്‍ ഓടിയെത്തി പരിക്കേറ്റയാളെ എടുത്ത് ഓട്ടോറിക്ഷയില്‍ കിടത്തി. ഓട്ടോ ഡ്രൈവര്‍ കുറച്ചുസമയം കാത്തുനിന്ന ശേഷം ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ പരിക്കേറ്റയാളെ എടുത്ത് ഫുട്പാത്തില്‍ കിടത്തി ഓട്ടോയുമായി കടന്നു. രാവിലെ 8.15 ഓടെ വഴിയരുകില്‍ ഒരാള്‍ കിടക്കുന്നതായി വിവരം കിട്ടിയ പോലെ എത്തി നോക്കുമ്പോഴാണ് മരിച്ചുകിടക്കുകയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഓട്ടോ ഡ്രൈവറും ബിനും മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. വലിയ അപകടമല്ല ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫുട്പാത്തില്‍ ഇടിച്ച് ഓട്ടോ ചെരിയുകയായിരുന്നു. ഈ സമയം മറുവശത്തുകൂടിയാണ് യാത്രക്കാരന്‍ റോഡിലേക്ക് വീണത്.

വഴിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോഴും അവശനിലയിലാണ്. ഓട്ടോയില്‍ കിടന്ന് ഡ്രൈവറെ ചവിട്ടാനും ശ്രമിക്കുന്നുണ്ട്. കുറച്ചുസമയം ഫുട്പാത്തില്‍ ഇരുന്ന ഡ്രൈവര്‍, പിന്നീട് യാത്രക്കാരനെ വലിച്ച് കടയുടെ സൈഡില്‍ കിടത്തിയിട്ട് കടന്നുകളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button