<p>ന്യൂഡല്‍ഹി കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് തൊഴിലാളികളും താഴ്ന്ന വിഭാഗങ്ങളുമടക്കം നിരവധിപേര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഇത്തരത്തില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിയ്ക്കുന്ന പട്ടിണിയുടെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നതാണ് ആഗ്രയില്‍ നിന്നും പുറത്തുവന്ന ഈ ചിത്രം.</p>
<p>പാല് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പാല് റോഡിലൂടെ ഒഴുകുകയാണ്. ഒരു പറ്റം തെരുവുനായ്ക്കള്‍ ഈ പാല് നക്കിക്കുടിച്ചുകൊണ്ടിരിക്കുന്നു. ഇതിനു തൊട്ടപ്പുറത്തായി ഒരു മനുഷ്യന്‍ റോഡിലൂടെ ഒഴുകുന്ന പാല് രണ്ടുകൈകളിലും കോരി ഒരു ചെറിയ മണ്‍കുടത്തില്‍ നിറയ്ക്കുന്നതും കാണാം.</p>
<p>ഈ ദൃശ്യങ്ങളാണ് ലോക്ക് ഡൗണ്‍ മനുഷ്യരെ മാത്രമല്ല മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന മൃഗങ്ങള്‍ അടക്കമുള്ളവയുടെ ജീവിതത്തെയും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് കാട്ടിത്തരുന്നത്. ആഗ്രയിലെ രാംബാഗ് ചൗരായില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.</p>
<p>വിശപ്പിനു മുന്നില്‍ മനുഷ്യനും മൃഗങ്ങളും സമന്മാരാണെന്ന് ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് അതൊന്നും പരിഹാരമാവുന്നില്ല.</p>