News

‘ഭാര്യ മട്ടന്‍ കറി വെച്ച് തന്നില്ല സാറേ..’: പോലീസെത്തിയപ്പോള്‍ കണ്ടത് വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന യുവാവിനെ!

തെലങ്കാന: ഭാര്യ മട്ടന്‍ കറി വെച്ച് കൊടുത്തില്ലെന്ന് പറഞ്ഞ് 100 ലേക്ക് പരാതി പറയാന്‍ വിളിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത് പോലീസ്. തെലങ്കാനയിലെ, ഗൗരരാരം ഗ്രാമത്തിലാണ് സംഭവം. 25 കാരനായ നവീനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കനഗല്‍ പോലീസ് ആണ് നവീന്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

മദ്യപിച്ച് ഏറെ രാത്രിയായിട്ടായിരുന്നു നവീന്‍ വീട്ടിലെത്തിയത്. കടയില്‍ നിന്നു വാങ്ങിയ മട്ടനിറച്ചി ഭാര്യയോട് വെയ്ക്കാനാവശ്യപ്പെട്ടു. എന്നാല്‍, രാത്രി വളരെ വൈകിയതിനാല്‍ മട്ടന്‍ കറി വെയ്ക്കാന്‍ പറ്റില്ലെന്ന് ഭാര്യ തീര്‍ത്ത് പറഞ്ഞു. പ്രകോപിതനായ നവീന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. 100 ലേക്കായിരുന്നു നവീന്‍ വിളിച്ചത്. ‘ഭാര്യ മട്ടന്‍ കറി വെച്ച് തരുന്നില്ല സാറേ..’ എന്നായിരുന്നു നവീന്റെ പരാതി. ആദ്യം പോലീസ് ഇത് കാര്യമാക്കിയില്ല. എന്നാല്‍, തുടര്‍ച്ചയായി നിരവധി തവണ നവീന്‍ 100 ലേക്ക് വിളിച്ച് പരാതി പറഞ്ഞു.

നവീന്‍ പലതവണ വിളിച്ചതോടെ പൊലീസിന്റെ ക്ഷമ നശിച്ചു. രാത്രി തന്നെ പോലീസ് നവീന്റെ വീട്ടിലെത്തി. എന്നാല്‍, വീട്ടില്‍ മദ്യപിച്ച് അവശനായ നിലയിലായിരുന്നു നവീന്‍. കസ്റ്റഡിയിലെടുക്കാന്‍ പറ്റിയ സാഹചര്യം അല്ലാതിരുന്നതിനാല്‍ പോലീസ് മടങ്ങി. പിറ്റേന്ന് രാവിലെയെത്തി നവീനെ കസ്റ്റഡിയിലെടുത്തു.

അടിയന്തര സാഹചര്യങ്ങളില്‍ പൊലീസിനെ വിളിക്കേണ്ട 100 നമ്പറില്‍ അനാവശ്യമായി വിളിച്ച് ദുരുപയോഗം ചെയ്യരുതെന്ന് കനഗല്‍ എസ്‌ഐ നാഗേഷ് വ്യക്തമാക്കി. അനാവശ്യ കാര്യത്തിന് പൊലീസിനെ വിളിച്ചതിനാണ് നവീനെതിരെ നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button