വയോധികൻ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ അതീവ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ചിറക്കേക്കോട് വയോധികൻ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), പന്ത്രണ്ടുകാരനായ മകൻ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്.ഇരുവര്‍ക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കേസിലെ പ്രതിയായ പിതാവ് ജോണ്‍സണ്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇയാളും ചികിത്സയിലാണ്.

ജോണ്‍സണും, ഭാര്യയും, മകനും, കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ അര്‍ദ്ധരാത്രി ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതി ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ശേഷം ഇയാള്‍ പുറത്തേക്ക് പോയി.

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ജോണ്‍സണെ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ജോണ്‍സണ്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോജി ലോറി ഡ്രൈവറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News