മംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. യാത്രക്കിടെ അടുത്തിരുന്ന ഹുസൈന് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളകട്ട മുതല്‍ പന്‍വേല്‍ വരെയുള്ള ദൂരം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഫോണ്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് അല്‍പ്പം മാറി ഇരുന്നെങ്കിലും ഇയാളും ഒപ്പം ഇരുന്നു. ഇതോടെ ബഹളമുണ്ടാക്കി. ആ സമയത്ത് തന്നോട് ക്ഷമ പറഞ്ഞു. പിന്നീട് സീറ്റ് മാറി ഇരുന്നെങ്കിലും മൂന്ന് സ്റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പരിപാടി തുടരുകയും ചെയ്തു. ഈ സമയത്ത് ഒഴിഞ്ഞുകിടന്ന പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും അയള് അതിന് തയ്യാറായിരുന്നില്ലെന്നും യുവതി പറയുന്നു.
ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും സഹയാത്രികരോ ബസ് ജീവനക്കാരോ പ്രതികരിച്ചില്ല. ഇതോടെ യുവതി ശല്യപ്പെടുത്തിയ ആളുടെ ഫോട്ടോ എടുത്തു. ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈന് പോസ് ചെയ്തു കൊടുക്കുകയും ചെയ്തു. ബസില്‍ നിന്നും പുറത്തിറങ്ങിയ യുവതി പ്രതിയുടെ ഫോട്ടോ സഹിതം സംഭവം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹുസൈന് പിടിയിലായത്.
പ്രതിയെ പിടികൂടിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പോലീസ് കമ്മീഷണറുടെ മുന്നില്‍ വച്ച് പ്രതിയുടെ കരണത്തടിച്ചു.