കൊച്ചി: മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മദ്യക്കുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കളടങ്ങിയ പാക്കറ്റുകള്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. തൃക്കാക്കര എച്ച്.എം.ടി. കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32)നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
ഒരു പൊതിയില്‍ മദ്യവും മിനറല്‍ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും മറ്റൊരു പൊതിയില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലാംപും ഏഴ് പാക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണുണ്ടായിരുന്നത്. ജയില്‍ വളപ്പിന് വെളിയില്‍നിന്ന് കോമ്പൗണ്ട് വാളിന് മുകളില്‍ക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുക്കളയുടെ പിന്‍ഭാഗത്താണ് പൊതികള്‍ വന്നുവീണത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനീത് അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.