89 റണ്‍സിന്‌ ഗുജറാത്ത് ഔട്ട്,53 പന്തില്‍ കളി തീര്‍ത്ത് ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്തിനെ വെറും 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം ജയമാണിത്. ജയത്തോടെ ആറു പോയന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.

ജെയ്ക് ഫ്രേസര്‍ മക്ഗ്രുക് (10 പന്തില്‍ 20), ഷായ് ഹോപ്പ് (10 പന്തില്‍ 19), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (11 പന്തില്‍ 16*), അഭിഷേപ് പോറല്‍ (ഏഴു പന്തില്‍ 15) എന്നിവരാണ് ഡല്‍ഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റണ്‍സെടുത്ത് പുറത്തായി.ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

സ്വന്തം മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് കൂടാരം കയറി. ഇത്തവണത്തെ ഐപിഎല്ലില്‍ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ചെറിയ സ്‌കോറാണിത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്‌കോറും.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എട്ടാമനായി ബാറ്റിങ്ങിനെത്തി 24 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റാഷിദ് ഖാന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 12 റണ്‍സെടുത്ത സായ് സുദര്‍ശനും 10 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവര്‍.

വൃദ്ധിമാന്‍ സാഹ (2), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8), ഡേവിഡ് മില്ലര്‍ (2), അഭിനവ് മനോഹര്‍ (8), ഷാരൂഖ് ഖാന്‍ (0) എന്നിവരെല്ലാം രണ്ടക്കം തികച്ചവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News