വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ

കോട്ടയം: മധ്യവയസ്കയായ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ പോലീസ് പിടികൂടി. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷി(29)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മഹേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയായ ബിനീഷ് പോലീസിന്റെ പിടിയിലാകുന്നത്.

ഏറ്റുമാനൂർ എസ്.എച്ച്.ഒ. ഷോജോ വര്‍ഗീസ്‌, എസ്.ഐ മാരായ കെ.സൈജു, ജയപ്രസാദ്, എ.എസ്.ഐ. സജി, സി.പി.ഒ.മാരായ അനീഷ്, ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News