വിമാനത്തിനുള്ളില്‍ വെച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതി; വ്യവസായി അറസ്റ്റില്‍

മുംബൈ: വിമാനത്തിനുള്ളില്‍ വെച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗാസിയാബാദ് സ്വദേശിയായ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി-മുംബൈ വിമാനത്തില്‍ വെച്ചുണ്ടായ സംഭവത്തിനെ തുടര്‍ന്ന് ഒക്ടോബര്‍ 14ന് സഹര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിതിന്‍ എന്ന വ്യവസായി അറസ്റ്റിലായത്.

ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ നടിയെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു.

ആക്രമണത്തിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടി വെര്‍സോവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍, സംഭവം അവരുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ പിന്നീട് സഹര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേര് നല്‍കിയതും ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. രാജീവ് എന്നയാളുടെ പേരാണ് ഇയാള്‍ നല്‍കിയിരുന്നത്. പോലീസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ നിരപരാധിത്വം വ്യക്തമാക്കി.

പിന്നീട് ഇയാളുടെ അടുത്തിരുന്ന യാത്ര ചെയ്ത നിതിനാണ് പ്രതിയെന്ന് മനസ്സിലാക്കുകയായിരുന്നു. രാജീവ് അയച്ചുകൊടുത്ത ഫോട്ടോയില്‍നിന്ന് നടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News