ഡാല്‍ഡയുടെ മറവില്‍ മദ്യം കടത്തല്‍; യുവാവ് അറസ്റ്റില്‍

പുനലൂര്‍: ഡാല്‍ഡയുടെ മറവില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി പുതുച്ചേരി മദ്യം ആണ് ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് തൃച്ചി നെയ് വേലി സ്വദേശി സുധാകര്‍ (25) ആണ് പിടിയിലായത്.

പുതുച്ചേരിയില്‍ നിന്ന് ഡാല്‍ഡ കൊണ്ടുവന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ കാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ഡാല്‍ഡ കയറ്റി അയച്ച മാനേജറാണ് മദ്യം കൊടുത്തു വിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു.

കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സി.ഐ അനിലാലിന്റെ നേതൃത്വത്തില്‍ ചെക്‌പോസ്റ്റില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ലോറി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പ്രതിയെയും തൊണ്ടി സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി അഞ്ചല്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിഹാബ്, സുരേഷ് ബാബു സി.ഇ.ഒ മാരായ ഷൈജു, വിഷ്ണു, അശ്വന്ത്, സുന്ദരം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News