തിരുപ്പതി: ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയ കേസില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെ (34)യാണ് ഭാര്യ പദ്മാവതിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടികൂടിയത്. അഞ്ചുമാസം മുമ്പ്, ജനുവരി അഞ്ചാം തീയതിയാണ് വേണുഗോപാല്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളിയതെന്ന് പോലീസ് പറഞ്ഞു.
വേണുഗോപാല്‍-പദ്മാവതി ദമ്പതിമാര്‍ക്കിടയില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. വേണുഗോപാല്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭാര്യയെ ഉപദ്രവിച്ചിരുന്നതായാണ് പദ്മാവതിയുടെ കുടുംബത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് പദ്മാവതി ഭര്‍ത്താവിനെതിരേ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. പിന്നാലെ വേണുഗോപാല്‍ വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. എന്നാല്‍ വിവാഹമോചന ഹര്‍ജിയില്‍ പദ്മാവതി അനുകൂല തീരുമാനമെടുക്കാത്തത് വേണുഗോപാലിനെയും കുടുംബത്തെയും ചൊടിപ്പിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.
2019-ലാണ് വേണുഗോപാലും പദ്മാവതിയും വിവാഹിതരായത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലം പദ്മാവതി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് ഇരുവരും പരാതി നല്‍കിയത്. 2022 ജനുവരി അഞ്ചാം തീയതി എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് വേണുഗോപാലും സുഹൃത്തും പദ്മാവതിയുടെ വീട്ടിലെത്തി. പദ്മാവതിയെ തിരികെ പറഞ്ഞയക്കണമെന്നും കഴിഞ്ഞതെല്ലാം പൊറുക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് പദ്മാവതിയെ ഹൈദരാബാദിലെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോയത്.
എന്നാല്‍ ഭാര്യയെ തിരുപ്പതിയിലെ വീട്ടിലേക്കാണ് വേണുഗോപാല്‍ കൊണ്ടുപോയത്. ഇവിടെവെച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വേണുഗോപാലിന്റെ മാതാപിതാക്കളും സുഹൃത്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. പദ്മാവതി മരിച്ചതോടെ വേണുഗോപാലും മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി. തുടര്‍ന്ന് വെങ്കിടാപുരത്ത് എത്തിച്ച് മൃതദേഹം കായലില്‍ തള്ളുകയും ചെയ്തു.
ഇതിനിടെ ഭര്‍ത്താവിനൊപ്പം പോയ മകളെ അന്വേഷിച്ച് പദ്മാവതിയുടെ വീട്ടുകാര്‍ ഇടയ്ക്കിടെ വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്കൊപ്പം പദ്മാവതിയും ഹൈദരാബാദിലുണ്ടെന്നാണ് ഇയാള്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ മകളുമായി ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇയാള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പലതവണകളായി ഇത് ആവര്‍ത്തിച്ചതോടെ യുവതിയുടെ കുടുംബത്തിന് സംശയമായി. തുടര്‍ന്ന് ഇവര്‍ മൂന്നുദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പോലീസിന്റെ ചോദ്യംചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് വേണുഗോപാല്‍ സമ്മതിച്ചു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയെന്നും വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയനുസരിച്ച് കഴിഞ്ഞദിവസം കായലില്‍ നടത്തിയ തിരച്ചില്‍ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞതിന് പിന്നാലെ മകളെ വേണുഗോപാല്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പദ്മാവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ചോദിച്ചായിരുന്നു പീഡനം. ഇതേത്തുടര്‍ന്നാണ് മകള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നും കേസില്‍ വേണുഗോപാലിന് വധശിക്ഷ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.