ഷൊര്‍ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ബോംബ് ഭീഷണി പ്രയോഗിച്ചത്.
എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനില്‍ ഇയാള്‍ക്ക് കയറാനായില്ല. ഇതോടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഈ തക്കത്തിന് ഇയാള്‍ ട്രെയിനില്‍ കയറി.മാര്‍ബിള്‍ വ്യാപാരിയായ ജയ്‌സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെനിന്ന് പുലര്‍ച്ചെയുള്ള രാജധാനി എക്‌സ്പ്രസില്‍ പുറപ്പെടാനായിരുന്നു നീക്കം. എന്നാല്‍ ഇയാളെത്തിയപ്പോഴേക്കും ട്രെയിന്‍ എറണാകുളം സ്‌റ്റേഷന്‍ വിട്ടു. ഇതോടെ തൃശ്ശൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബുണ്ടെന്ന് ഭീഷണി പരത്തുകയായിരുന്നു.
തുടര്‍ന്ന് ജയ്‌സിങ് തൃശ്ശൂരിലേക്ക് ബസില്‍ പുറപ്പെട്ടു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി തൃശ്ശൂരില്‍ ട്രെയിന്‍ പിടിച്ചിടുമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ തൃശ്ശൂരും കടന്ന് ഷൊര്‍ണൂരെത്തിയാണ് നിര്‍ത്തി പരിശോധിച്ചത്. ഇതറിഞ്ഞ ജയ്‌സിങ് തൃശ്ശൂരില്‍നിന്ന് ഓട്ടോ പിടിച്ച് ഷൊര്‍ണൂരിലെത്തി.
ഷൊര്‍ണൂരില്‍വെച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടക്കുന്ന ട്രെയിനിലേക്ക് ഒരു പേടിയുമില്ലാതെ ജയ്‌സിങ് കയറുന്നതു കണ്ടാണ് സംശയമുണര്‍ന്നത്. പരിശോധിച്ചപ്പോള്‍ ടിക്കറ്റെടുത്തത് എറണാകുളത്തുനിന്നാണെന്ന് മനസ്സിലായി. എന്നാല്‍ എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതുമില്ല. ഇതെല്ലാംകൂടിയായപ്പോള്‍ ആര്‍.പി.എഫിന് സംശയം ബലപ്പെട്ടു. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയ കാര്യം തുറന്നു പറഞ്ഞു.
ആദ്യം തന്റെ ബന്ധുവാണ് ബോംബ് ഭീഷണി മുഴക്കിയതെന്നായിരുന്നു ആര്‍.പി.എഫിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പിന്നീട് ഇയാളില്‍നിന്ന് സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഒരു ഫോണ്‍ കണ്ടെത്തി. പരിശോധനയില്‍ അതിനകത്തെ സിമ്മില്‍നിന്നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ജയ്‌സിങ്ങിന്റെ ഫോണ്‍ കോള്‍ കാരണം മൂന്നുമണിക്കൂര്‍ വൈകിയാണ് രാജധാനി എക്‌സ്പ്രസ് പുറപ്പെട്ടത്.