തൃശൂര്‍: കാമുകിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. സംഭവശേഷം ഒളിവില്‍ ആയിരുന്ന പ്രതി തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ പരമകുടി തുകവൂര്‍ ഇളയംകുടി വേല്‍മുരുകനെയാണ് (56) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2008 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശൂരിലെ ലോഡ്ജില്‍ വ്യാജ വിലാസം നല്‍കി മുറിയെടുത്ത് താമസിക്കുന്നതിനിടെ കാമുകിയായ മുവാറ്റുപുഴ സ്വദേശിനി അമ്മിണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യയെ ഉപേക്ഷിച്ച് കേരളത്തിലെത്തിയ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൂലിപ്പണി ചെയ്തിരുന്ന സമയത്താണ് കൂടെ ജോലിചെയ്തിരുന്ന അമ്മിണിയുമായി പരിചയത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനായി 2008ല്‍ ഇരുവരും തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറി. നാല് മാസമാകുമ്പോഴേക്കും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായി വീണ്ടും കേരളത്തിലെത്തുകയായിരുന്നു.
എറണാകുളത്തുള്ള വാഴക്കാലയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആര്‍. ഗ്ലാഡ്‌സ്റ്റണ്‍, എം. രാജന്‍, പി.എം. റാഫി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, പ്രീത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.