കോഴിക്കോട്: മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം. സംഭവത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു എന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു.
ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. വിദേശത്തായിരുന്നതിനാൽ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾക്ക് പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.
മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്.
പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.