വിപ്പ് ലംഘിച്ചു: ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജയ്ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽനിന്നു വിട്ടുനിൽക്കാൻ നൽകിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. യുഡിഎഫിനെ പിന്തുണച്ചതിലൂടെ ഗുരുതരമായ വീഴ്ചയാണ് പദ്മജയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടിയെടുക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പദ്മജയുടെ പ്രതികരണം ലഭിച്ചില്ല.

കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവർത്തനങ്ങളിൽനിന്ന് മാറ്റാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ ആയിരുന്ന പദ്മജ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നൽകിയെങ്കിലും അവർ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു.

കലക്ടർക്ക് വിപ്പ് അടങ്ങിയ കത്ത് പാർട്ടി കൈമാറി. ദേശീയ നേതാവായതിനാൽ ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാൻ കഴിയാത്തതിനാൽ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ട്. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News