മമത കോണ്‍ഗ്രസിലേക്ക് ? ഉപാധ്യക്ഷയാക്കാമെന്ന് സോണിയ ഗാന്ധി; അഭിഷേക് ബാനര്‍ജിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി; തൃണമൂൽ തകർച്ചക്കിടെ ‘സമയം’ ചോദിച്ച് മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കടുത്ത വിമത ഭീഷണി നിലനില്‍ക്കെ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കി. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ ഗാന്ധിയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നിര്‍ണ്ണായക നീക്കം.

ഡല്‍ഹിയില്‍ വെച്ച് സോണിയാ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മില്‍ ഒന്നര മണിക്കൂറോളം നീണ്ട വിപുലമായ ചര്‍ച്ചയും നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും കോണ്‍ഗ്രസില്‍ ലയിക്കണം എന്ന സുപ്രധാന ഉപാധിയാണ് കോണ്‍ഗ്രസ് നേതൃത്വം മമതയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ ശേഷമായിരുന്നു മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് രൂപം നല്‍കിയത്. കോണ്‍ഗ്രസിന്റെ ഈ ലയന വാഗ്ദാനം മമത ബാനര്‍ജി ഇതുവരെ പൂര്‍ണ്ണമായി നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം, ചരിത്രപരമായ ഈ തീരുമാനമെടുക്കാന്‍ തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നാണ് മമത കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാളിലും ദേശീയതലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്. ഇതിന്റെ ആക്കം കൂട്ടിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ മുഖവും രാജ്യസഭാംഗവുമായ സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെച്ചു. രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് സുഷ്മിത രാജിക്ക്കത്ത് കൈമാറുകയായിരുന്നു. ഈ ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ രാജ്യസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംപിയാണ് സുഷ്മിത ദേവ്. മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനും തൃണമൂലിന്റെ രാജ്യസഭയിലെ ചീഫ് വിപ്പുമായിരുന്ന മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയിലെ അഴിമതിയിലും അരാജകത്വത്തിലും പ്രതിഷേധിച്ച് എംപി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു.

രാജ്യസഭയിലെ രാജിക്ക് പിന്നാലെ തൃണമൂല്‍ വിട്ട സുഷ്മിത ദേവ് ഡല്‍ഹിയില്‍ വെച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് സുഷ്മിതയുടെ പ്രതികരണം. ഇന്ന് താന്‍ സ്വതന്ത്രയായ ഒരു സ്ത്രീയാണെന്നും ഹിമന്തയെ നാളുകളായി അറിയാമെന്നും വ്യക്തമാക്കിയ അവര്‍, രണ്ട് തോണിയില്‍ ഒരേ സമയം കാലുകുത്താന്‍ താല്പര്യമില്ലാത്തതിനാലാണ് ജനപ്രതിനിധി സ്ഥാനവും പാര്‍ട്ടിയും രാജിവെച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളില്‍ ഭരണം നഷ്ടമായതോടെ അസമിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സുഷ്മിതയുടെ ഈ നീക്കം. അവര്‍ വൈകാതെ തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍.

തൃണമൂല്‍ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കുന്ന വിമതനീക്കം പാര്‍ലമെന്റിലും ശക്തമാണ്. ലോക്സഭയിലെ തൃണമൂലിന്റെ 20 എംപിമാര്‍ ഇതിനകം തന്നെ ഔദ്യോഗിക നേതൃത്വവുമായി അകന്ന് എന്‍ഡിഎ മുന്നണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോക്സഭയില്‍ തങ്ങള്‍ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമത എംപി കകോലി ഘോഷ് ദസ്തിദാര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ നിയമസഭയിലാകട്ടെ, പാര്‍ട്ടിയിലെ വിമത നേതാവായ ഋതബ്രത ബാനര്‍ജിക്ക് 61 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുകയും, ഔദ്യോഗിക നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ആകെ 80 എംഎല്‍എമാരില്‍ ഭൂരിഭാഗവും വിമതര്‍ക്കൊപ്പം പോയതും, പാര്‍ലമെന്റിലെ കൂട്ടരാജികളും തൃണമൂല്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് മമത ബാനര്‍ജി ഗൗരവമായി ആലോചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News