കൊച്ചി:രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന് മോഹന്‍ലാല്‍ തികച്ചും അര്‍ഹനാണെന്നും നിങ്ങളെ ഓര്‍ത്ത് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാല്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു സഹോദരനാണെന്നും പതിറ്റാണ്ടുകളായി അദ്ഭുതകരമായി സിനിമാ യാത്ര തുടരുന്ന ഒരു കലാകാരനാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല, മറിച്ച് സിനിമ ജീവശ്വാസമാക്കിയ ഒരു യാഥാര്‍ഥ കലാകാരനാണ്.ലാലേ നിങ്ങളെ ഓര്‍ത്ത് സന്തോഷവും അഭിമാനവുമുണ്ടെന്നും മമ്മൂട്ടിയുടെ കുറിപ്പില്‍ പറയുന്നു.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേര്‍ന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമാണെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവണ്‍മെന്റിനോടും നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകര്‍ക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെ ഞാനാക്കിയ സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഈ സന്തോഷം പകുത്തുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്‌കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സ് പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.


