കൊച്ചി:മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ഇന്ന് ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമാണ്.അന്‍പത് വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി കഥാപാത്രങ്ങളെയാണ് സിനിമ ആസ്വാദകര്‍ക്ക് മമ്മൂട്ടി സമ്മാനിച്ചിട്ടുള്ളത്.താരത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന സിനിമ റോഷാക്കാണ്. മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് രണ്ടുദിനം മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നതെന്നും സിനിമയ്ക്ക് പുറത്തുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. അത് ജീവന് അപകടകരമായ ഒരു കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഹരി ഉപയോഗിക്കരുതെന്ന് ബോര്‍ഡ് വയ്ക്കാമെന്നല്ലാതെ എന്ത് ചെയ്യാനാകുമെന്നും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോയെന്നും മമ്മൂട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ലഹരി ഉപയോഗം വേണോ, അത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളത് സമൂഹം തീരുമാനിക്കേണ്ടതാണെന്നും ഒറ്റ തിരിഞ്ഞ് അഭിപ്രായം പറയേണ്ട കാര്യമല്ല ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
‘ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും.
ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല’,- മമ്മൂട്ടി പറഞ്ഞു.