EntertainmentKeralaNews

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

കോഴിക്കോട്: മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. സിനിമ നാടക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്. മാമുക്കോയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമുക്കോയയുടെ നേറ്റിവ് ബാപ്പ എന്ന ആല്‍ബം വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ജഹാംഗീര്‍പുരി അടക്കമുള്ള സ്ഥലങ്ങളിലെ പ്രശ്‌നങ്ങളും സമകാലിക സംഭവങ്ങളും ശ്രദ്ധിക്കാറുണ്ടോ എന്നുമായിരുന്നു മാമുക്കോയയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ഉത്തരേന്ത്യയിലൊക്കെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ടില്ലേ ഡല്‍ഹിയിലെ പ്രശ്‌നം. ഒരു വൃന്ദാ കാരാട്ടല്ലാതെ ഇന്ത്യയില്‍ നിന്ന് വേറെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? അവര് പോയി, വിഷയമായി, തടഞ്ഞ് നിര്‍ത്തി… അത് ശ്രദ്ധയില്‍ വന്നു, എന്നായിരുന്നു മാമുക്കോയയുടെ പ്രതികരണം. ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും സിനിമയ്ക്ക് നല്ലതല്ല. പക്ഷെ എന്താ ചെയ്യാ… ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും. വീട്ടില്‍ ഇടയ്ക്ക് പറയും, സിനിമാക്കാരൊക്കെ ഇങ്ങനെയാണ്…അവിടെയാണ് ഒരു വിഷമം. അത് സ്വാഭാവികമാണ്.

വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നും മാമുക്കോയ പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘നേറ്റീവ് ബാപ്പ’യിലെ കേന്ദ്രകഥാപാത്രമായെത്തിയതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശം മാമുക്കോയ നല്‍കിയിരുന്നു. തീവ്രവാദിയെന്ന പട്ടം ചാര്‍ത്തപ്പെട്ട മകനെക്കുറിച്ച് മലപ്പുറത്തുകാരനായ ബാപ്പ പറയുന്ന കാര്യങ്ങളായിരുന്നു നേറ്റീവ് ബാപ്പ എന്ന ആല്‍ബത്തിന്റെ പ്രമേയം.

അതേസമയം വിജയ് ബാബുവിനെ ചൊല്ലി താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതി അംഗത്വം രാജിവെച്ചിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് ശ്വേത മേനോനും സമിതി അംഗം കുക്കു പരമേശ്വരനും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞ് പോയതാണെന്നും അങ്ങനെ ഉള്ള ആളെ ചവിട്ടി പുറത്താക്കാനാവില്ല എന്നുമാണ് അമ്മ അംഗവും നടനുമായ മണിയന്‍ പിള്ള രാജു പറഞ്ഞത്.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിച്ച് ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 19-ന് മടങ്ങിയെത്തുമെന്നുമാണ് വിജയ് ബാബു പറയുന്നത്. പൊലീസ് നോട്ടീസിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടി ഇ-മെയില്‍ സന്ദേശം അയച്ചത്. അതേസമയം ഇപ്പോള്‍ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയില്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വിജയ് ബാബുവിന് സാവകാശം നല്‍കാനാവില്ല എന്നാണ് പൊലീസ് നിലപാട്.

അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 24-നാണ് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. തനിക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഗോവയിലെത്തിയ വിജയ് ബാബു പിന്നീട് ബെംഗളൂരില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു. രണ്ട് പേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതില്‍ ആദ്യം പരാതി നല്‍കിയയാളുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ പേരിലാണ് വിജയ് ബാബുവിനെ പുറത്താക്കണം എന്ന് അമ്മ ആഭ്യന്തര പരിഹാര സമിതി ശുപാര്‍ശ ചെയ്തത്. അതേസമയം വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മാര്‍ച്ച് 13-മുതല്‍ ഏപ്രില്‍ 14-വരെ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ നിന്ന് പൊലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button