കൊച്ചി: അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക് – സുവർണ്ണ ജൂബിലിയുടെ ഭാഗമായി മമ്മൂട്ടി (Mammootty) നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റിൽ ഫ്ലവർ ആശുപത്രിയും (Little Flower Hospital) സംയുക്തമായി സംഘടിപ്പിക്കുന്ന “കാഴ്ച്ച 3 2021” പദ്ധതി മമ്മൂട്ടി നാടിന് സമർപ്പിച്ചു.
അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കി മാറ്റിയ ലിറ്റിൽഫ്ലവർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് ഒരു പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സ്വകാര്യമേഖലയിൽ ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് ആയ ലിറ്റിൽ ഫ്ലവർ ആശുപത്രി – ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ സ്ഥാപകനും, പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ടോണി ഫെർണാണ്ടസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു, കുട്ടികൾക്കു വിവിധ ക്യാമ്പുകളിൽ നേത്രപരിശോധന പ്രത്യേകമായി സജ്ജീകരിക്കുന്ന “ഓർബിസ് റീച് 2” പദ്ധതിയുടെ തുടക്കവും ഇതിനോടനുബന്ധമായി നടന്നു.
മമ്മൂട്ടി തന്നെ മുമ്പ് നടപ്പിലാക്കിയ രണ്ട് കാഴ്ച്ച പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതി. കേരളത്തിലും ലക്ഷദ്വീപിലുമായി മുതിർന്നവരിൽ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം കുട്ടികൾക്കായി സ്കൂൾ സ്ക്രീനിംഗ് പദ്ധതികൾ, അയ്യായിരം തിമിര ശസ്ത്രക്രിയകൾ കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയകൾ തുടങ്ങി നിരവധി സൗജന്യ പദ്ധതികൾ കാഴ്ച്ച മൂന്നിന്റെ ഭാഗമായി ഉണ്ട്.
കേരളത്തിൽ സ്വകാര്യ മേഖലയിൽ നിലവിൽ വന്ന ആദ്യത്തെ നേത്ര ബാങ്കായ അങ്കമാലി ലിറ്റിൽ ഫ്ളവർ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി. ഒരു വ്യക്തിയുടെ പേരിൽ നടപ്പാക്കപ്പെട്ട ഏറ്റവും വലിയ നേത്ര ചികിത്സ പദ്ധതികൾ ആയിട്ടാണ് കാഴ്ച്ച ഒന്നും രണ്ടും അറിയപ്പെട്ടത്. പുതിയ പദ്ധതിയിൽ ആദിവാസി സമൂഹത്തിനായി കൂടുതൽ ക്ഷേമപദ്ധതികൾക്ക് ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ അർഹരായ ആളുകളെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റിൽഫ്ലവർ ആശുപത്രിയും കൈകോർത്തു കണ്ടെത്തും. ആവശ്യമായ ഇടങ്ങളിൽ പദ്ധതിയുമായി സഹകരിച്ച് അരലക്ഷത്തോളം ആളുകൾക്കും, അൻപതിനായിരത്തിലധികം കുട്ടികൾക്കും വിവിധ ക്യാമ്പുകളിൽ നേത്രപരിശോധനയും ,സൗജന്യമായി 50 നേത്ര പടല ശസ്ത്രക്രിയയും (കണ്ണ് മാറ്റിവെക്കൽ) നടത്തും.
ആറ് ദശാബ്ദങ്ങളായി കേരളത്തിൽ ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് നേത്ര ചികിത്സാരംഗത്തെ എല്ലാ വിഭാഗങ്ങളും, ഉപചികിത്സാ വിഭാഗങ്ങളും, അനുബന്ധ സേവനങ്ങളും ഉള്ള ഏക ആശുപത്രി എന്നതോടൊപ്പം 27 ക്ലിനിക്കൽ ചികിത്സ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ആതുരശുശ്രൂഷ കേന്ദ്രമായി സമൂഹത്തിൽ വേറിട്ടു നിൽക്കുന്ന ലിറ്റിൽഫ്ലവർ ആശുപത്രിയും മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷനുമായി ചേർന്ന് അനേകം നേത്രപരിശോധന ക്യാമ്പുകൾ നടത്തി, അതിലൂടെ അർഹരായ പതിനായിരത്തിലധികം നിർധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയിലൂടെ വെളിച്ചം നൽകുവാൻ കഴിഞ്ഞുവെന്ന് ചാരിതാർത്ഥ്യത്തോടെ ആണ് മൂന്നാം ഘട്ടത്തിലേക്ക് എത്തിയതെന്നും,ഒരു ജീവകാരുണ്യ പദ്ധതിക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാവുക അത് രണ്ടും ഗംഭീര വിജയങ്ങൾ ആവുക എന്ന അപൂർവ്വതയാണ് മമ്മൂക്കയുടെ “കാഴ്ച” എന്ന നേത്ര ചികിത്സ പദ്ധതിയിലൂടെ നാം കണ്ടതും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട ആ പദ്ധതിയുടെ മൂന്നാം ഘട്ടവുമായി സഹകരിക്കാൻ മനസ്സു കാണിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മാർ ആന്റണി കരിയിൽ പറഞ്ഞു.
ഇന്ത്യയിൽ തന്നെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ നേത്രബാങ്ക്, ഏറ്റവും കൂടുതൽ നേത്രപടലം ശേഖരിക്കുകയും തുടർന്ന് കണ്ണ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കേരളത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന നേത്ര ബാങ്ക് ആണ് എൽഎഫ് ആശുപത്രിയിലേത്. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന കാഴ്ച മൂന്നാംഘട്ട പദ്ധതിയിലൂടെ 75 ലക്ഷം രൂപയിലധികം ചികിത്സാ സഹായങ്ങൾ ചെയ്യുന്നതിനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. സുവർണ്ണ ജൂബിലി നിറവിൽ 24000 മുകളിൽ കണ്ണുകൾ ശേഖരിച്ചു, അതിൽ 17500 ൽ അധികം ആളുകൾക്ക് ഇതിനോടകം കാഴ്ച നൽകാനും സാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നേത്ര ചികിത്സ ക്യാമ്പുകളിലൂടെ ആണ് ശസ്ത്രക്രിയ്ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിവും സന്നദ്ധതയും ഉള്ള വ്യക്തികൾക്കും സംഘടനകൾക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. താല്പര്യം ഉള്ളവർക്ക് +919961900522 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ അറിയിച്ചു