കൊച്ചി:79-ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി നടൻ മമ്മൂട്ടി. ആലുവാ പാലസിൽ എത്തിയ മമ്മൂട്ടിയെ ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ജർമനിയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓർമ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
2015ന് ശേഷം തന്റെ ശബ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിസ ശരിയായി ആശുപത്രിയിൽ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ പതിവില്ലെങ്കിലും ഇത്തവണ പ്രവര്‍ത്തകര്‍ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷമാക്കി. കേക്കുമുറിയ്ക്കലില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാറിനിന്നപ്പോള്‍ ആലുവ എം.എല്‍.എ അന്‍വര്‍ലാദത്താണ് കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തത്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വ്യാജപ്രചരണങ്ങളിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിൻമാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍,വ്യവസായി എം.എ.യൂസഫലി എന്നിവരും ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിയ്ക്കും. ഫോണില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് ഏഴുമണിയ്ക്ക് ഗസ്റ്റ്ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കാണും