മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിന് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞു പീലിയെ പലരും മറന്നുകാണില്ല. മമ്മൂക്കയോട് പിണക്കമാണെന്ന് പറഞ്ഞ് കരഞ്ഞ പീലിയുടെ വീഡിയോ കണ്ട മമ്മൂക്ക പിന്നീട് പീലിയെ വിളിക്കുകയും കൊവിഡ് മാറിയാല്‍ നേരിട്ട് കാണാമെന്ന വാക്ക് നല്‍കുകയും ചെയ്തിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് മമ്മൂട്ടി.
കഴിഞ്ഞ ദിവസമാണ് പീലിക്ക് തന്നെ കാണാനുള്ള അവസരം മമ്മൂക്ക ഒരുക്കിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പീലി മമ്മൂക്കയുടെ അടുത്തെത്തിയത്.
താരത്തെ നേരില്‍ കണ്ടപ്പോള്‍ ‘മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ’ എന്നായിരുന്നു പീലിയുടെ സംശയം. തൊട്ടുപിന്നാലെ മമ്മൂക്കയ്ക്കൊപ്പം നില്‍ക്കുന്ന സ്വന്തം ചിത്രവും പീലി താരത്തിന് കൈമാറി.
മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന പീലിയുടേയും മാതാപിതാക്കളുടേയും ചിത്രം പി.ആര്‍.ഒ റോബര്‍ട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ‘അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നല്‍കി.
(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മൂക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ്മേറ്റ് ആണോന്ന്. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം), റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ എഴുതി. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയാണ് പീലിയുടെ പിതാവ് ഹമീദലി.