കൊച്ചി:മലയാള സിനിമയിലെ വല്യേട്ടനാണ് മമ്മൂട്ടി. പല കാരണങ്ങൾ കൊണ്ടും നടനെ അങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം മലയാള മണ്ണിന്റെ സ്വകാര്യ അഹങ്കാരമാണ്.
പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യത്തോടെയും അതിനെയും വെല്ലുന്ന ഊർജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി ഇന്ന്. കാലത്തിനനുസരിച്ച് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടൻ സിനിമ സ്വപ്‌നം കാണുന്ന ആർക്കും വലിയ പ്രചോദനമാണ്.
എന്നും നടനെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്ക് നൂറ് നാവാണ്. അദ്ദേഹത്തോടൊപ്പം വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ളവരും സിനിമകൾ ചെയ്തിട്ടുള്ളവരും ഒപ്പം അഭിനയിച്ചിട്ടുള്ളവരും എല്ലാം നടനെ കുറിച്ച് വാചാലനാവറുണ്ട്.
ഇപ്പോഴിതാ, സംവിധായകനായ ടി എസ് സജി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ കൂളിങ് ഗ്ലാസ് പ്രണയത്തിന് പിന്നിലെ രസകരമായ കാരണവും. അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളുമെല്ലാം സജി പങ്കുവയ്ക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി.
‘എപ്പോൾ ലൊക്കേഷനിൽ വരുമ്പോഴും മമ്മൂക്കയ്ക്ക് കൂളിങ് ഗ്ലാസ് ഉണ്ടാവും. ഞങ്ങൾ ഒരിക്കെ അതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരുടെയും നോട്ടം എന്നിലേക്ക് ആയിരിക്കും. ഞാൻ ഒരാളെ നോക്കുന്നു, മറ്റൊരാളെ നോക്കുന്നു. അങ്ങനെ ആവുമ്പോൾ എനിക്ക് തന്നെ ഒരു നാണം വരും.അത് കവർ ചെയ്യാൻ വേണ്ടിയാണു ഞാൻ കൂളിങ് ഗ്ലാസ് വയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൂളിങ് ഗ്ലാസ് വെച്ച് കഴിയുമ്പോൾ പുള്ളിക്ക് ആരെയും നോക്കാം. പുള്ളി ആരെയാണ് നോക്കുന്നതെന്ന് മറ്റേയാൾക്ക് അറിയാൻ പറ്റില്ല,’
‘പുള്ളി രാവിലെ വരുമ്പോൾ തന്നെ ഒരു പോസിറ്റിവ് എനർജിയുമായാണ് വരുക. എല്ലാവരോടും ഗുഡ് മോർണിങ് ഒക്കെ പറയും. നമ്മൾ അങ്ങോട്ട് പറഞ്ഞില്ലെങ്കിലും പുള്ളി ഇങ്ങോട്ട് പറയും. സീൻ എന്താണെന്ന് ചോദിക്കും. പുള്ളി ഒരിക്കലും സംവിധായകരെ ശല്യം ചെയ്യില്ല. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുന്ന സമയത്ത് എന്നോട് വന്നിട്ട് എന്നെ ഒന്ന് ഏഴ് മണിക്ക് വിടാമോ എന്ന് ചോദിച്ചിട്ടുണ്ട്. പോകും എന്ന് അദ്ദേഹം പറഞ്ഞില്ല. വിടാമോ എന്നേ ചോദിച്ചുള്ളൂ,’
‘അന്ന് ലൊക്കേഷൻ ഷിഫ്റ്റ് ഉണ്ടായിരുന്നു. ഞാൻ അത് മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക നേരത്തെ വന്നാൽ മതി തീർക്കാം എന്ന് പറഞ്ഞു. ഞങ്ങൾ ഷിഫ്റ്റിന്റെ ഇടയ്ക്ക് ഒന്ന് ലോഡ്ജിൽ പോയി കുളിച്ചിട്ട് ഒക്കെയാണ് വന്നത്. വന്നപ്പോൾ മമ്മൂക്കയില്ല. ഏഴ് മണിക്ക് പോകണം എന്ന് പറഞ്ഞയാൾ എത്തിയില്ലേ എന്ന് അന്വേഷിക്കുമ്പോഴാണ് ഒരാൾ പറയുന്നത്,’
‘മമ്മൂക്ക എത്തി നിങ്ങൾ വരാത്തത് കൊണ്ട് യൂണിറ്റ് വണ്ടിയിൽ കിടന്ന് ഉറങ്ങുകയാണെന്ന് ഞങ്ങൾക്ക് നാണക്കേടായി. പിന്നെ ഞാൻ ഒരാളെ പറഞ്ഞു വിട്ട് ഒരു ചായയും മുഖം കഴുകാൻ വെള്ളവും എടുത്ത് കൊണ്ടുവന്ന് മമ്മൂക്കയെ വിളിച്ചു. മമ്മൂക്ക നിങ്ങൾ എവിടെ ആയിരുന്നു ഞാൻ വന്നിട്ട് ഒരുമണിക്കൂർ ആയെന്ന് പറഞ്ഞു. ഞങ്ങൾ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒരു പണി തന്നതാണ്. അങ്ങനെ ലൊക്കേഷനിൽ ഒന്നും ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ആളാണ് മമ്മൂക്ക,’ ടി എസ് സജി പറഞ്ഞു.
മമ്മൂട്ടി ഒരു അസിസ്റ്റന്റ് ഡയറക്ടർക്ക് ചെയ്ത സഹായത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ‘ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ അറിയാൻ ആഗ്രഹിക്കാത്ത ആളാണ് മമ്മൂക്ക. ഞങ്ങളുടെ കൂടെ റാഫി എന്നൊരു അസിസ്റ്റന്റ് പയ്യൻ ഉണ്ടായിരുന്നു. പുള്ളിടെ പെങ്ങളുടെ കല്യാണ സമയത്ത് പുള്ളി വളരെയധികം സ്‌ട്രെയിൻ എടുത്ത് ഓടി നടക്കുമ്പോൾ മമ്മൂക്ക ഒരു ദിവസം അവനെ അടുത്ത് വിളിച്ച് കാര്യം ചോദിച്ചു,’
‘മമ്മൂക്കയോട് അവൻ കാര്യം പറഞ്ഞപ്പോൾ എന്നാണ് എന്നൊക്കെ ചോദിച്ചു. എന്നിട്ട് മമ്മൂട്ടി എന്ന ആ വലിയ മനുഷ്യൻ ചാലയിലുള്ള റാഫിയുടെ വീട്ടിൽ ചെന്നു. വണ്ടി കയറാത്ത റാഫിയുടെ വീട്ടിലേക്ക് നടന്നു പോയിട്ട് റാഫിയുടെ ഉമ്മയുടെയും ഉപ്പയുടെയും കയ്യിൽ വലിയൊരു സംഖ്യ കൊടുത്തു. മമ്മൂക്ക എന്ന നടന്റെ ഏറ്റവും മഹത്തായ കാര്യങ്ങളിൽ ഒന്നാണത്. പുള്ളി ഇതൊന്നും പുറത്തു പറയാൻ ആഗ്രഹിക്കത്ത ആളാണ്,’ അദ്ദേഹം പറഞ്ഞു.