ചെന്നൈ: പല കാരണങ്ങള്‍ കൊണ്ട് കോളിവുഡില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഡി 55. ധനുഷിനെ നായകനാക്കി അമരന്‍ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയന് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത സംവിധായകന്‍ അതിന് ശേഷം ഒരുക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്.
ഈ പ്രോജക്റ്റിന്മേല്‍ പ്രേക്ഷക പ്രതീക്ഷ കൂടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും ധനുഷും ബിഗ് സ്ക്രീനില്‍ ഒന്നിച്ചെത്തുന്നത്. 2013 ല്‍ പുറത്തത്തിയ മലയാള ചിത്രം കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ധനുഷ് അതിഥിതാരമായി എത്തിയിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായ ധനുഷിനൊപ്പം പ്രാധാന്യമുള്ള റോളിലാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചാണ് അത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഡി 55 നിര്‍മ്മിക്കുന്നത് ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ്. ഫില്‍മിബീറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ ധനുഷ് വാങ്ങുന്നത് 45 കോടി രൂപയാണ്. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിക്ക് ചിത്രത്തില്‍ ലഭിക്കുന്ന പ്രതിഫലം 12 കോടിയാണ്. മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീലീലയ്ക്ക് ലഭിക്കുന്നത് 3 കോടിയാണ്. സ്ക്രീന്‍ ടൈം താരതമ്യേന കുറഞ്ഞ കഥാപാത്രമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.
ചിത്രത്തിന്‍റെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിക്ക് ലഭിക്കുന്നത് 15 കോടിയാണ്. അമരന്‍ നേടിയ വന്‍ വിജയമാണ് അദ്ദേഹത്തിന്‍റെ പ്രതിഫലം ഉയര്‍ത്തിയത്. അമരന് രാജ്‍കുമാര്‍ വാങ്ങിയ പ്രതിഫലം 6 കോടി ആയിരുന്നു. ചിത്രം വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് 4 കോടി രൂപ കൂടി അദ്ദേഹത്തിന് നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു. അങ്ങനെ ആകെ 10 കോടി. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു അമരന്‍.
സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 3 കോടിയാണ് സായ്‍ക്ക് ചിത്രത്തില്‍ ലഭിക്കുന്ന പ്രതിഫലം. അതേസമയം മമ്മൂട്ടിയുടെ പ്രതിഫലക്കാര്യമാണ് തമിഴ് സിനിമാവൃത്തങ്ങളിലും മാധ്യമങ്ങളിലും ഏറ്റവും വലിയ ചര്‍ച്ച. നിര്‍മ്മാതാവായ ധനുഷ് മമ്മൂട്ടിക്ക് 35 കോടി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും എന്നാല്‍ മമ്മൂട്ടി അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ട്. അത്രയും തുക തനിക്ക് വേണെന്ന് മമ്മൂട്ടി അറിയിച്ചതായാണ് അറിയുന്നത്.
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ, മലയാളത്തിലെ മുതിര്‍ന്ന അഭിനേതാവിന് കൊടുക്കേണ്ട ബഹുമാനം കുറയാത്ത ഒരു പ്രതിഫലം ഉറപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്കും ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 24 കോടിക്ക് മമ്മൂട്ടിയും സമ്മതം മൂളിയെന്നാണ് വിവരം. നിര്‍മ്മാതാക്കളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ സമീപനത്തിന് വലിയ കൈയടി ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിക്കുമെന്ന് ഉറപ്പാണ്.
Thirteen years after their brief on-screen appearance in Kammath & Kammath (2013), Malayalam megastar Mammootty and Tamil star Dhanush are set to share the screen in the highly anticipated Tamil film tentatively titled #D55. Directed by Rajkumar Periasamy (of Amaran fame) and produced by Dhanush’s Wunderbar Films, the project is currently creating a buzz due to the reported remuneration of its star cast.


