തിരുവനന്തപുരം:അന്തരിച്ച അഭിനയ പ്രതിഭയും പ്രിയസുഹൃത്തുമായിരുന്ന നെടുമുടി വേണുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി . വ്യക്തിപരമായും തനിക്ക് ഏറെ നഷ്‍ടമുണ്ടാക്കുന്നതാണ് ഈ വേര്‍പാടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
“നെടുമുടി വേണു എന്നു പറയുന്ന, എന്‍റെ സുഹൃത്തിന്‍റെ ഈ വിയോഗം മലയാള കലാ സാംസ്‍കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എന്‍റെ നഷ്‍ടം നഷ്‍ടമായിത്തന്നെ അവശേഷിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു നാല്‍പത് വര്‍ഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്‍റെ ഓർമ്മകൾ നിലനിൽക്കും”, ഇടയ്ക്ക് ഇടറിയ വാക്കുകളോടെ മമ്മൂട്ടി പറഞ്ഞുനിര്‍ത്തി.
മമ്മൂട്ടി നായകനാവുന്ന ‘പുഴു’വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രത്തിന്‍റെ സ്റ്റില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്‍റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും (മികച്ച സഹനടന്‍, പ്രത്യേക പരാമര്‍ശം) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.