NationalNews

‘ഒടുവിൽ കൈവിട്ട് ദീദിയും’പാര്‍ത്ഥ ചാറ്റര്‍ജിയെ തൃണമൂൽ കോൺഗ്രസ് എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് തീരുമാനം എടുത്തത്.

അധ്യാപക നിയമന അഴിമതി കേസില്‍  മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഇഡി 50 കോടി രൂപ കണ്ടെത്തിയതിനെ തുടർന്നാണ് പാര്‍ത്ഥയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. സംഭവത്തിൽ പാർട്ടി കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.

മന്ത്രി ഉൾപ്പെട്ടഅഴിമതി കേസിൽ ഇതുവരെ ഇഡി കണ്ടെത്തിയത് 50 കോടി രൂപയാണ്. പിടിച്ചെടുത്ത പണവും സ്വർണ്ണവും 20 പെട്ടികളിലായിട്ടാണ് മാറ്റിയത്. അഞ്ച് ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവിൽ മുഖം രക്ഷിക്കാൻ തൃണമൂൽ നടപടി എടുത്തത്.

കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഇന്നലെ ഒരു ഫ്ളാറ്റിൽ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂൽ കോൺഗ്രസിന് നടപടി എടുക്കേണ്ടി വന്നത്. 

മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. മമത ബാനർജിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ബിജപി നിലപാട് കടുപ്പിക്കുകയാണ്. പണം കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത് എന്നാണ് മമതയുടെ പ്രതികരണം.

ഇതിനിടെ പാർത്ഥ ചാറ്റർജിയുടെ സ്വകാര്യ വസതിയിൽ മോഷണം നടന്നതും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. 24 പ‍‍ർഗാനസ് ജില്ലയിലെ വസതിയിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി ഈ കേസ് മാറുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button